ഹർജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഹൈക്കോടതിയുടെ  ഇടക്കാല ഉത്തരവ്. ഈ തീരുമാനം സിൽവർ ലൈൻ പദ്ധതിയുടെ മുന്നോട്ടുളള പോക്കിനെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സർക്കാർ വാദം

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. അപ്പീൽ ഹ‍ർജി ഇന്നലെ പരിഗണനയ്ക്ക് വന്നെങ്കിലും ഡിവിഷൻ ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹർജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഈ തീരുമാനം സിൽവർ ലൈൻ പദ്ധതിയുടെ മുന്നോട്ടുളള പോക്കിനെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സർക്കാർ വാദം. പദ്ധതിക്കായി ഡിപിആർ തയാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി,' 2019 ൽ തത്വത്തിൽ അനുമതി ലഭിച്ചു'

സിൽവർ ലൈൻ പദ്ധതിക്ക് നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ തള്ളിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്ക് നേരത്തെ 2019 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് ബാലഗോപാൽ വിശദീകരിച്ചു. 'ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റിദ്ധാരണ പരത്തരുത്'. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ ബിജെപി നേതാക്കളെക്കാൾ വിശ്വാസം കോൺഗ്രസിനാണെന്നും വന്ദേ ഭാരത് പദ്ധതി പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടി ധനമന്ത്രി പരിഹസിച്ചു. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. സംസ്ഥാനം നൽകിയ ഡിപിആർ പൂർണ്ണമല്ലെന്നും സാങ്കേതികമായി പ്രായോഗികമാണോ എന്ന വിവരങ്ങൾ കിട്ടിയിട്ടില്ലെന്നും റെയിൽമന്ത്രി പാർലമെന്റിനെ അറിയിച്ചു.