Asianet News MalayalamAsianet News Malayalam

സർക്കാറിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ ഉപേക്ഷിച്ചോ ഇല്ലയോ?, ആകെ കൺഫ്യൂഷൻ

സിൽവർ ലൈനിനായി സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണയെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

Silverline project in Kerala faces challenges
Author
First Published Nov 19, 2022, 7:22 PM IST

തിരുവനന്തപുരം: പിണറായി സർക്കാറിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ അതിവേ​ഗ പാത വീണ്ടും ചർച്ചകളിൽ. പദ്ധതി പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി വാർത്ത വന്നതിന് പിന്നാലെയാണ് ചർച്ച സജീവമായത്. പദ്ധതി നിർത്താനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്ത് കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തി. സിൽവർലൈൻ വിഡ്ഢിത്തമാണെന്ന് ബിജെപി സ്ഥാനാർഥിയായിരുന്ന ഇ ശ്രീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ പദ്ധതി നിർത്തിവെച്ചതിൽ പ്രതികരിച്ചു. എന്നാൽ, പദ്ധതി നിർത്തിവെച്ചിട്ടില്ലെന്ന് മന്ത്ര വി.എൻ. വാസവൻ പ്രതികരിച്ചു. സർക്കാറോ മന്ത്രിസഭയോ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി ഉപേക്ഷിച്ചെന്ന വാർത്തകൾ തള്ളി സിപിഎം സെക്രട്ടറി എം.വി. ​ഗോവിന്ദൻ, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ പ്രതികരിച്ചു. കേന്ദ്ര സർക്കാറിൽനിന്ന് അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതി ആരംഭിക്കുമെന്നും ഇരുവരും വ്യക്തമാക്കി. 

സിൽവർ ലൈനിനായി സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണയെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. വലിയ എതിര്‍പ്പുകള്‍ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്. 

സിൽവ‍ര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് എം.വി ഗോവിന്ദൻ: പദ്ധതി ലക്ഷ്യമിട്ടത് 50 വ‍ര്‍ഷത്തെ വികസനം

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ലെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് 11 ജില്ലകളിലായി  നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകുമെന്നും വാർത്തകളിൽ പറയുന്നു. 2020 ജൂണിൽ ഡി പി ആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനമായിരുന്നില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടര്‍പ്രവര്‍ത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവര്‍ലൈൻ സര്‍വ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്. 

പ്രതിഷേധങ്ങൾ കനത്തതോടെ അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനിടെ സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഏജൻസി തുടരുന്നതിന് തടസമില്ലെന്ന നിയമോപദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. പദ്ധതിക്ക് കേന്ദ്രാനുമതി കൂടിയേ തീരു എന്ന് മുഖ്യമന്ത്രി അടക്കം ആവര്‍ത്തിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios