Asianet News MalayalamAsianet News Malayalam

അഭയ കേസ്: രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട പ്രതികളെ ഇന്ന് വിസ്തരിക്കും

ഫോറൻസിക് ലാബിലെ മുൻ കെമിക്കൽ എക്‌സാമിനർ ഗീതയേയും കെമിക്കൽ അനലിസ്റ്റ് ചിത്രയേയും സിബിഐ കോടതി ഇന്ന് വിസ്തരിക്കും. പരിശോധന റിപ്പോർട്ട് തിരുത്തിയ കേസിൽ കോടതി വെറുതെ വിട്ട ഉദ്യോഗസ്ഥരുടെ മൊഴി നിർണായകം.

Sister Abhaya case  trial continues in cbi court
Author
Thiruvananthapuram, First Published Oct 22, 2019, 9:53 AM IST

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ കെമിക്കൽ എക്‌സാമിനർ ആർ ഗീത, കെമിക്കൽ അനലിസ്റ്റ് കെ ചിത്ര എന്നിവരെ തിരുവനന്തപുരം സിബിഐ കോടതിയിൽ ഇന്ന് വിസ്തരിക്കും. പരിശോധന റിപ്പോർട്ട് തിരുത്തിയ കേസിൽ കോടതി വെറുതെ വിട്ട ഉദ്യോഗസ്ഥരുടെ മൊഴി നിർണായകമാകും.

സിസ്റ്റർ അഭയയുടെ രാസപരിശോധന റിപ്പോർട്ട് തിരുത്തിയ കേസിൽ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരാണ് രണ്ട് സാക്ഷികളും. ഇതുകൊണ്ട് തന്നെ ഇവരുടെ മൊഴി കേസിൽ നിർണ്ണായകമാകും. 1992 ഏപ്രിൽ പത്തിന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്ന് കാട്ടി ജോമോൻ പുത്തൻപുരയ്ക്കലാണ് സിജെഎം കോടതിയിൽ ഹർജി നൽകിയിരുന്നത്.

അതേസമയം, കേസിലെ 21-ാം സാക്ഷിയായ ഡോ. എം എ അലി, സിബിഐ കോടതിയില്‍ ഇന്നലെ നിര്‍ണായക മൊഴി നല്‍കി. പ്രാഥമിക ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പുകള്‍ വ്യാജമാണെന്നാണ് ഡോ. എം എ അലി മൊഴി നല്‍കിയത്. ദില്ലി സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസിലെ മുന്‍ കൈയ്യക്ഷര വിദഗ്ധനാണ് ഡോക്ടര്‍ എം എ അലി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുൻ എസ്ഐ വി വി അഗസ്റ്റിൻ തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോർട്ടിലെ സാക്ഷികളുടെ ഒപ്പുകൾ വ്യജമാണെന്നാണ് അലി മൊഴി നൽകിയിരിക്കുന്നത്. നേരത്തെ കേസിലെ സാക്ഷിയായി വിസ്തരിച്ച സ്‌കറിയ തന്നെ ഒപ്പ് തന്റേതല്ലെന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു.

തൊണ്ടി സാധനങ്ങൾ നശിപ്പിച്ച ശേഷം തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോർട്ട് ആണെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഈ കണ്ടെത്തൽ ശരിവയ്ക്കുന്ന തരത്തിലായിരുന്നു മുൻ കൈയ്യക്ഷരവിദഗ്ധനായ ഡോ. എം എ അലിയുടെ മൊഴി. അതേസമയം, കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ പൊലീസ് സർജനും ഗൈനക്കോളജി മേധാവിയുമായ ഡോ. രമയെ കമ്മീഷൻ മുഖേന വിസ്തരിക്കണം എന്ന് കാണിച്ച് സിബിഐ നൽകിയ ഹർജിയിൽ കമ്മീഷനായി ഒരു മജിസ്‌ട്രേറ്റിനെ തന്നെ ചുമതലപ്പെടുത്തുവാനും കോടതി നിര്‍ദ്ദേശിച്ചു. മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കുവാൻ സിബിഐ കോടതി,സിജെഎം കോടതിക്ക് അനുവാദം നൽകി.

Follow Us:
Download App:
  • android
  • ios