ശബരിമലയിലെ സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ രംഗത്ത്. വ്യാജരേഖ ചമച്ച് സ്വർണ്ണക്കവർച്ചയ്ക്ക് കളമൊരുക്കിയെന്നും, ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും രാധാകൃഷ്ണൻ.
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരർക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ. ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച തന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും, തന്ത്രി നിഷ്കളങ്കനല്ല മറിച്ച് വ്യാജരേഖ ചമച്ച പ്രതിയാണെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 2025 ഒക്ടോബർ 10ലെ കേരള ഹൈക്കോടതി വിധിയിലെ നാലാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണന്‍റെ വിമർശനം. 2019 മെയ് 18ന് സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും 'ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തിയ വ്യാജമഹസർ ചമച്ച പത്തംഗ പട്ടികയിൽ ഒന്നാം പേരുകാരൻ തന്ത്രി കണ്ഠര് രാജീവര് ആണെന്ന് അദ്ദേഹം പറയുന്നു.
ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞതാണെന്ന അറിവ് തന്ത്രിക്കുണ്ടായിരുന്നു. മുൻപ് 38 കിലോ തങ്കം ഉപയോഗിച്ച് സ്വർണ്ണം പൊതിയുമ്പോഴും രാജീവരര് തന്നെയായിരുന്നു തന്ത്രി. ഈ വസ്തുത മറച്ചുവെച്ച് വ്യാജരേഖയുണ്ടാക്കിയത് സ്വർണ്ണക്കവർച്ചയ്ക്ക് കളമൊരുക്കാനാണെന്നും ഇത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്ര സ്വത്തുക്കളുടെ കസ്റ്റോഡിയൻ അല്ലെന്ന വാദമുയർത്തി തന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡോ. കെ എസ് രാധാകൃഷ്ണൻ കുറിച്ചു.
അനുജ്ഞാപത്രം
ശ്രീകോവിലിലെ ഏത് മരാമത്ത് പണിക്കും തന്ത്രിയുടെ രേഖാമൂലമുള്ള അനുജ്ഞ (അനുവാദം) ആവശ്യമാണ്. ശ്രീകോവിലിന്‍റെ ഭാഗങ്ങൾ പുറത്തുകൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തുന്നത് ആചാരലംഘനമാണ്. ഇത് തടയുന്നതിൽ തന്ത്രി പരാജയപ്പെടുക മാത്രമല്ല, അതിന് കൂട്ടുനിൽക്കുകയും ചെയ്തു. നിയമപരമായി പ്രതിഷ്ഠാ മൂർത്തി ഒരു 'മൈനർ' ആണ്. പ്രായപൂർത്തിയാകാത്ത ആ വ്യക്തിയുടെ സ്വത്തുക്കൾ സംരക്ഷിക്കേണ്ട രക്ഷിതാവിന്‍റെ കടമ തന്ത്രി ലംഘിച്ചു.
അന്വേഷണ സംഘത്തിനെതിരെ വിമർശനം
കേസിലെ മറ്റൊരു പ്രതിയായ പോറ്റിയുമായി തന്ത്രിക്കുണ്ടായിരുന്ന ബന്ധം അദ്ദേഹം മറച്ചുവെച്ചതായും കുറിപ്പിൽ പറയുന്നു. പോറ്റിയെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ തന്ത്രിയെയും അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ പ്രത്യേക അന്വേഷണ സംഘം തന്ത്രിയെ പുറത്ത് വിഹരിക്കാൻ അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ സഹായിക്കുമെന്നും രാധാകൃഷ്ണൻ ആരോപിച്ചു. പണവും അധികാരവും ഉപയോഗിച്ച് ആശുപത്രിവാസമുൾപ്പെടെയുള്ള നാടകങ്ങളിലൂടെ നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് തന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


