Asianet News MalayalamAsianet News Malayalam

'മഠത്തിനുള്ളില്‍ നിന്ന് എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയിട്ടുണ്ട്'; അപവാദ പ്രചരണത്തിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി

കാരക്കാമല മഠത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് വേണോയെന്ന് സിസ്റ്റര്‍ ലൂസി ചോദിക്കുന്നു

sister lucy kalapura replies to mananthavady diocese misleading allegations
Author
Mananthavady, First Published Aug 21, 2019, 12:11 PM IST

മാനന്തവാടി:  രൂക്ഷമായ അപവാദപ്രചാരണത്തിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. വാർത്തശേഖരണവുമായി ബന്ധപ്പെട്ട്  കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത പിആർഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കൽ ഉയര്‍ത്തിയ രൂക്ഷമായ ആരോപണങ്ങള്‍ക്കാണ് സിസ്റ്റര്‍ ലൂസിയുടെ മറുപടി. 

കാരക്കാമല മഠത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് വേണോയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സിസ്റ്റര്‍ ലൂസി ചോദിക്കുന്നു. മഠത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാസ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്. 

കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളിൽ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവർഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാർ ചെയ്യേണ്ടതെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകർക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മഠത്തിലെ പിൻവാതിലിലൂടേയും മുൻവാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിർത്തണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ജോസ് പൊരുന്നേടത്തിനും  ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കും നല്‍കിയ പരാതിയുടെ പ്രതികാരമാണോ അപവാദ പ്രചരണമെന്നും സിസ്റ്റര്‍ ലൂസി ചോദിക്കുന്നു.

നേരത്തെ സിസ്റ്റർ ലൂസി നൽകിയ പരാതിയില്‍  ഫാദർ നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപവാദപ്രചാരണം നടത്തി, അപകീർത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദർ നോബിൾ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്. കേസിലാകെ ആറ് പ്രതികളുണ്ട്. മദർ സുപ്പീരിയറും പ്രതിപ്പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസിയുടെ മൊഴി ഉടൻ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കിയിരുന്നു. 

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

കുമാരൻ നോബിളേ, 19/8/2019, 20/8/2019 ന് നിങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാൻ വിലയിരുത്തുന്നു.ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളിൽ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവർഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാർ ചെയ്യേണ്ടത്.

മഠത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാസ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്. കാരക്കാമല മഠത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് വേണോ ? വേണമെങ്കിൽ പിൻവാതിൽ സന്ദർശകരായ, മഠത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം.

മഠത്തിന്റെ ആവൃതിക്കുള്ളിൽ കയറിനിരങ്ങുന്ന പുരോഹിതരോട്, നിങ്ങൾക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരൻ നോബിൾ സംസാരിക്കുപ്പോൾ? എന്തിനാണ് കാരക്കാമല മഠത്തിന്റെ പിൻവാതിൽ പതിവായി പുരോഹിതർ ഉപയോഗിക്കുന്നത്? ഉപയോഗിച്ചത്? നോബിളേ പറയണം മറുപടി ? 2018 ഒക്ടോബറിൽ ബിഷപ്പ് ജോസ് പൊരുന്നേടത്തിന് , ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്ക് ഞാൻ മെയിൽ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകർക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മഠത്തിലെ പിൻവാതിലിലൂടേയും മുൻവാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിർത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു. അതിനും കൂടിയുള്ള പകപോക്കലാണോ ഇത്? ഭയക്കില്ല നോബിളേ, തളരില്ല. ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പഠിപ്പിക്കുന്നതും, കന്യാമഠത്തിന്‍റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും. ലജ്ജതോന്നുന്നു. ബാക്കി പിന്നീട്...!!!!!!!

 

Follow Us:
Download App:
  • android
  • ios