ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക കേസിലും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശുന്നതിലെ ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ അന്വേഷണ ഉദ്യോഗസ്ഥർ അവിടെയെത്തിയാണ് പുതിയ കേസിൽ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ് ഐ ടി, കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ദ്വാരപാലക പാളിയും കട്ടിളപ്പാളിയും പോറ്റിയുടെ പക്കൽ കൊടുത്തിവിടാനുള്ള തീരുമാനമെടുത്ത ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
കൊടിമരം മാറ്റി സ്ഥാപിച്ചതും എസ്ഐടി പരിധിയും
അതിനിടെ ശബരിമലയിൽ കൊടിമരം മാറ്റി സ്ഥാപിച്ചതും പ്രത്യേക സംഘത്തിന്‍റെ അന്വേഷണ പരിധിയിലാക്കി. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്ക് നീങ്ങുന്നത്. കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ് ഐ ടി ചോദ്യം ചെയ്തു. 1998 മുതൽ 2025വരെയുള്ള കാലഘട്ടങ്ങളിൽ നടന്ന കാര്യങ്ങള്‍ നാല് ഘട്ടമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. 2017 ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരത്തിൽ നിന്നും മാറ്റിയ വാചിവാഹനം തന്ത്രി കണ്ഠര് രാജീവർക്കാണ് ബോർഡ് കൈമാറിയത്. സ്വർണകൊള്ള വിവാദം ഉയർന്നപ്പോള്‍ വാജിവാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചുവെങ്കിലും തിരികെവാങ്ങാൻ ബോർഡ് തയ്യാറായില്ല. പ്രയാറിന്‍റെ ഭരണ സമിതികൂടി അന്വേഷണ പരിധിയിൽ വരുമ്പോള്‍ അന്വേഷണ സംഘം തേടുന്ന കാര്യങ്ങള്‍ നിരവധിയാണ്.


