പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. ഗൂഢാലോചന അന്വേഷിക്കുന്നതിൻ്റെ ഭാഗമായി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖ സി പി എം നേതാക്കളെ ചോദ്യം ചെയ്യും. നേതാക്കളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് കൂടുതൽ എസ്.ഐമാരെയും സി.പി.ഒമാരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.
ഉന്നത സി പി എം നേതാക്കളെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിൻ്റെ ആലോചന. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്, മുൻമന്ത്രി വി ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും ആക്രമണത്തിന് പിന്നിൽ ആസൂത്രിത ഇടപെടലുകളോ പ്രേരണയോ ഉണ്ടോ എന്നുമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. സി പി എം നേതാക്കളുടെ ഫോൺ കോളുകളുടെ സൈബർ ഫോറൻസിക് പരിശോധനാ ഫലമായിരിക്കും കേസിൽ നിർണായകമാകുക. ആക്രമണം നടന്ന സമയത്തും അതിനു മുൻപും നടന്ന ആശയവിനിമയങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.


