ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്ന പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തിൽ ഒരു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ എസ് ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ആഭ്യന്തര സുരക്ഷയിലും ക്രമസമാധാന പരിപാലനത്തിലും പൊലീസിനെ സഹായിക്കുന്നതിനായി 1000 ഹോം ഗാർഡുകളെ ഉടൻ നിയമിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. ഉയരമേറിയ കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടായാൽ സ്‌കൈ ലിഫ്‌റ്റുകൾ ആവശ്യമാണ്. സ്കൈ ലിഫ്റ്റുകൾ ഉടൻ വാങ്ങും. കുട്ടികൾക്ക് നീന്തൽപരിശീലനം നൽകും. സെൽഫ് ഡിഫൻസ് സംവിധാനം റസിഡൻസ് അസോഡിയേഷന്റെ സഹായത്തോടെ നടപ്പാക്കും. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് സേനയെ മാറ്റം കൊണ്ടുവരും.
ശരീരസൗന്ദര്യ മത്സര വിജയികൾക്ക് പൊലീസിൽ നിയമനം നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അനർഹകർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.


