കൊച്ചി: മധ്യകേരളത്തില്‍ മഴ കുറഞ്ഞതോടെ സ്ഥിതി ശാന്തമാകുന്നു. റെഡ് അലേര്‍ട്ട് നിലവിലുണ്ടെങ്കിലും ശക്തമായ മഴ എവിടെയുമില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് മഴ തീരെ കുറവാണ്. പെരിയാറില്‍ വെള്ളം പിന്നെയും താഴ്ന്നു. വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി.

ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ പതുക്കെ മടങ്ങുന്നുണ്ട്. നെടുമ്പാശ്ശേരിയിലും വെള്ളം ഇറങ്ങിത്തുടങ്ങി. ഇതോടെ കൊച്ചി വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ കയറിയ വെള്ളവും ഇറങ്ങുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്ടില്‍ വെള്ളം ഉയരുന്നുണ്ട്. എസി റോഡിലും പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.

പാടശേഖരങ്ങളും മുങ്ങിയിട്ടുണ്ട്. കോട്ടയത്ത് കുമരകം മേഖലയിലും കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഇപ്പോഴുമുണ്ട്. പുഴ കരകവിയുന്ന സമയങ്ങളില്‍ എല്ലാ വര്‍ഷവും വെള്ളം കയറുന്ന മേഖലയാണിത്. ഇടുക്കിയിലും ഇപ്പോള്‍ മഴ കാര്യമായില്ല. പെരിങ്ങള്‍ക്കൂത്ത് ഡാമില്‍ നിന്നും പുറത്തു വിടുന്ന ജലത്തിന്‍റെ അളവ് കുറഞ്ഞതോടെ ചാലക്കുടിയാര്‍ ശാന്തമായി തുടങ്ങി.

കഴിഞ്ഞ ദിവസങ്ങളില്‍ കരകവിഞ്ഞൊഴുകിയ ചാലക്കുടി പുഴ ഇപ്പോള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചാലക്കുടിയാറിന്‍റെ ഇരുകരകളിലുമുള്ള വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. അതേസമയം ഇടവേളകളില്‍ പെയ്യുന്ന മഴയും മൂടിക്കെട്ടിയ മാനവും വെള്ളക്കെട്ട് പൂര്‍ണമായും ഒഴിയുന്നതിന് തടസ്സം സൃഷ്‍ടിക്കുന്നുണ്ട്. തൃശൂര്‍ നഗരത്തിലും താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ടുണ്ട്.