Asianet News MalayalamAsianet News Malayalam

ശിവശങ്കര്‍ ജാമ്യത്തില്‍ തുടരും; ഹര്‍ജി ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കും, ഗൂഡാലോചനയില്‍ ശിവശങ്കറിന് പങ്കെന്ന് ഇഡി

സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ ഇഡിക്ക് ആയിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. അതേസമയം ഗൂഡാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. ശിവശങ്കറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. 

Sivasankar will continue in bail
Author
Delhi, First Published Mar 5, 2021, 12:28 PM IST

ദില്ലി: ഒരു പാവം പെണ്‍കുട്ടിയെ ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിനായി  ഉപയോഗിച്ചുവെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ. ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തിൽ പങ്കുണ്ടോ എന്ന് ചോദിച്ച കോടതി ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. ജാമ്യത്തിനെതിരെയുള്ള ഇഡി നൽകിയ ഹര്‍ജിയിൽ ശിവശങ്കറിന് നോട്ടീസ് അയച്ച്, കേസ് ആറാഴ്ചത്തേക്ക് മാറ്റിവെച്ചു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ഗൂഡാലോചനയിലും ശിവശങ്കറിന് പങ്കുണ്ട്. ശിവശങ്കര്‍ ജാമ്യത്തിൽ പുറത്തിറങ്ങിയത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും. പിഎംഎൽഎ നിയമത്തിലെ 45 -ാം വകുപ്പ് പ്രകാരം ശിവശങ്കറിന് ജാമ്യം കിട്ടാൻ അര്‍ഹതയില്ല. അതിനാൽ ജാമ്യം സ്റ്റേ ചെയ്യണമെന്നും ഒരു പാവം പെണ്‍കുട്ടിയെ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചുവെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വാദിച്ചു. 

സ്വര്‍ണ്ണക്കടത്തിൽ തനിക്ക് യാതൊരു പങ്കും ഇല്ലെന്നായിരുന്നു ശിവശങ്കറിന്‍റെ വാദം. ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും ഇഡിയുടെ ആവശ്യം തള്ളണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്തിനായി കള്ളപ്പണം വെളിപ്പിച്ച കേസിൽ ഒക്ടോബര്‍ 28നായിരുന്നു ഇഡി അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രശ്നമടക്കം പരിഗണിച്ച് ജനുവരി 25ന് കേരള ഹൈക്കോടതി ജാമ്യം നൽകി. കസ്റ്റംസ് കേസിൽ കൂടി ജാമ്യം കിട്ടി ഫെബ്രുവരി 3ന് ശിവശങ്കര്‍ പുറത്തിറങ്ങിയതോടെയാണ് ഇഡി സുപ്രീംകോടതിയിലെത്തിയത്. 

Follow Us:
Download App:
  • android
  • ios