തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ആറു പ്രതികൾക്കെതിരെ കേന്ദ്രസ‍ർക്കാർ കോഫപോസ ചുമത്തി. ഇതിൽ മൂന്നു പ്രതികളെ ഇന്ന് പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള ശ്രമിത്തിനിടെ മുഖ്യപ്രതികളിൽ ഒരാളായ സുനിൽ ഓടി രക്ഷപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ ചേർന്ന് 750 കിലോ സ്വർണം കടത്തിയെന്നാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ. രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ സ്വർണ കടത്തുകളിലൊന്നാണ് തിരുവനന്തപുരം വിമാത്താവളം വഴി നടന്നതെന്ന് ഡിആർഐ പറയുന്നു. ഇതിൽ ആറു പ്രതികള്‍ക്കെതിരെയാണ് കേന്ദ്ര ധനകാര്യമന്ത്രാലയം കോഫപോസ ചുമത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചെ പ്രകാശ് തമ്പി, കഴക്കൂട്ടത്തെ അഭിഭാകഷനായ ബിജു മോഹൻ, സ്വ‍ർണം കടത്തിയ സെറീന എന്നിവരെ പൊലീസ് വീടുകളിൽ നിന്നും അറസ്റ്റ് ചെയ്തു. 

സെറീനക്കൊപ്പം സ്വ‍ർണം കടത്തുന്നതിനിടെ ഡിആർഐ പിടികൂടിയ സുനിൽ ഇന്ന് രക്ഷപ്പെട്ടു. ഇപ്പോള്‍ പിടിയിലായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് കെഎസ്ആർടിസി കണ്ടറായ സുനിൽ. പ്രകാശിനെ പിടികൂടിയ വിവരം അറിഞ്ഞ ഉടനെയാണ് സുനിൽ രക്ഷപ്പെട്ടത്. കോഫപോസ ചുമത്തിയ കസ്റ്റംസ് സൂപ്രണ്ട് രാധാക‍ൃഷ്ണൻ, വിഷ്ണു എന്നിവർ സ്ഥലത്തുണ്ടായിരുന്നില്ല. രാധാകൃഷ്ണൻ ബംഗല്ലൂരുവിലാണെന്ന് പൊലീസിന് വിവരം ലഭിച്ചു. വിഷ്ണുവിനെ കുറിച്ച് വിവരമില്ല. ഒരു വർഷം കോഫപോസ പ്രതികള്‍ ജയിൽ ശിക്ഷ അനുഭവിക്കണം. 

സ്വർ‍ണ കടത്തുകേസിലെ പ്രതികളായ വിഷ്ണുവും, പ്രകാശ് തമ്പിയും വാഹന അപകടത്തിൽ കൊല്ലപ്പെട്ട ബാലഭാസ്ക്കറിന്റെ മാനേജറുമായിരുന്നു. സ്വർണകടത്തിൽ ഇവരുടെ പങ്ക് സ്ഥിരീകരിച്ചത്തോടെയാണ് ബാലഭാസ്ക്കറിന്റെ മരണത്തിൽ ദുരൂഹതയേറിയത്. മെയ് 13ന് 25 കിലോ സ്വർണം സുനിലും, സെറിനയും ചേർന്ന് കടത്തുന്നതിനിടെ ഡിആർഐ പിടികൂടിയതോടെയാണ് ദുബായി കേന്ദ്രീകരിച്ചുള്ള വൻ റാക്കറ്റിലേക്ക് അന്വേഷണം തുടങ്ങിയത്. ഡിആർഐ പിടികൂടിയ എല്ലാ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.