ലഹരിമരുന്ന് വിറ്റുകിട്ടിയ 22,800 രൂപയും എംഡിഎംയുമായി ആറ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ലഹരിമരുന്ന് വിറ്റുകിട്ടിയ 22,800 രൂപയും എംഡിഎംയുമായി ആറ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ ഷാഹിദ് ഹുസൈന്‍(29), എം.അഭിനവ്(19), പി.അക്ഷിത്ത്(19), എ. റിഥുന്‍(22), കോഴിക്കോട് ചാലിയം സ്വദേശി അബു താഹിര്‍(26), കെ.കെ സിറാജ്ജുദ്ധീന്‍(27) എന്നിവരെ കോഴിക്കോട് സിറ്റി നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാന്‍സാഫും ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ലതീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്നാണ് കോഴിക്കോട് രാമനാട്ടുകര വെച്ച് പിടികൂടിയത്. കുറച്ചു ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.

Add Asianetnews as a Preferred SourcegooglePreferred

ഒത്തുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവര്‍ രാമനാട്ടുകരയിലെ ഒരു ലോഡ്ജില്‍ ലഹരിമരുന്നു സഹിതം പൊലീസിന്‍റെ പിടിയിലായത്. സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ ചെറിയ പായ്ക്കറ്റുകള്‍ ആക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നീ സ്ഥലങ്ങളിലെ യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. പിടിച്ചെടുത്ത ലഹരിമരുന്ന് സ്‌കൂള്‍ അവധിക്കാലം ലക്ഷ്യമാക്കി കൊണ്ടു വന്നതാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ഇവര്‍ സ്ഥിരം ലഹരി വില്‍പനക്കാരാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ 155ഗ്രാം എംഡിഎംഎ യുമായി രാമനാട്ടുകര വച്ച് ഷാഹിദ് ഹുസൈനും അബു താഹിറും പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ 6 മാസം ജയിലിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങിയതിനിടെയാണ് വീണ്ടും പിടിയിലാകുന്നത്. ബംഗളൂരുവില്‍ നിന്നും മൊത്തമായി ലഹരിമരുന്ന് എത്തിച്ച് ചില്ലറ വില്‍പന നടത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ഫറോക്ക് പൊലീസ് പരിശോധിച്ചു വരികയാണ്. മറ്റ് ലഹരി വില്‍പനക്കാരുടെ വിവരങ്ങള്‍ ഇവരില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

YouTube video player