അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി വിമര്‍ശിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി വിമര്‍ശിച്ചു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

തികഞ്ഞ ആത്മവിശ്വാസത്തിൽ ആണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യുഡിഎഫിന് വലിയ അങ്കലാപ്പുണ്ട്. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല. ജനങ്ങള്‍ യുഡിഎഫിനെ കൈയൊഴിഞ്ഞു. യുഡിഎഫ് പല നീക്കങ്ങൾ നടത്തി. അവസരവാദ നിലപാട് അമ്പലപ്പുഴയിൽ ഇറക്കി. വഞ്ചന കാണിച്ചവരെ അമ്പലപ്പുഴ എന്ന വിപ്ലവത്തിന്‍റെ നാട് ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. എല്ലാ പ്രതിസന്ധിയിലും ഈ നാട് ഒന്നിച്ചു നിൽക്കും. ഈ നാടിനു വേണ്ടി അർപ്പണ ബോധത്തോടെ കരുത്ത് കാണിച്ചവർ ഒരു വ്യതിയാനത്തിന് ഒപ്പവും പോകില്ല. അവസരവാദിയും യുഡിഎഫും ചേർന്നു ബിജെപി വോട്ട് തേടുകയാണിപ്പോള്‍.

അവസരവാദക്കാരൻ ബിജെപി വോട്ട് കിട്ടും എന്ന് പറയുകയാണെന്നും സുധാകരനെ ഉദ്ദേശിച്ചുകൊണ്ട് പിണറായി വിജയൻ വിമര്‍ശിച്ചു. ജി സുധാകരന്‍റെ പേര് പറയാതെയാണ് വിമര്‍ശനം. എങ്ങനെ എങ്കിലും എൽഡിഎഫിനെ പരാജയപ്പെടുത്താനാണ് യുഡിഎഫ് ശ്രമം. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി തുറന്നടിച്ചു.2021ൽ തുടർഭരണം ജനങ്ങൾ തീരുമാനിച്ചത് അവരുടെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണെന്നും എൽഡിഎഫ് നാടിനൊപ്പമാണെന്നും പിണറായി പറഞ്ഞു. 

എൽഡിഎഫ് സർക്കാരുകൾ ഉണ്ടായപ്പോൾ എല്ലാ നാടിനു പുരോഗതി ഉണ്ടായിട്ടുണ്ട്. അത് കഴിഞ്ഞ് വന്ന യുഡിഎഫ് സർക്കാരുകൾ അത് നശിപ്പിക്കും. 2011 - 2016 കാലം ആണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. വിദ്യാഭ്യാസ മേഖല ഏറ്റവും തകർന്ന കാലമാണത്. ലക്ഷകണക്കിന് വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസത്തിൽ നിന്ന് കൊഴിഞ്ഞു പോയി. സ്കൂളുകൾ അടച്ചു പൂട്ടി. 2016 ൽ LDF വന്നു പൊതുവിദ്യാഭ്യാസ മേഖലയെ ഏറ്റെടുത്തു. ഇപ്പോൾ വിദ്യാഭ്യാസ മേഖല മാറി. വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വരുന്നു.

ഏറ്റവും നല്ല അംഗീകാരങ്ങൾ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടാകുന്നു. എൽഡിഎഫ് അല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാവില്ല. കേരളം വൻ തോതിൽ മാറുന്നു.വ്യവസായിക രംഗത്ത് വലിയ മാറ്റം. കൂടുതൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതിക്ക് ദോഷം ഇല്ലാത്ത എല്ലാ വ്യവസായങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

YouTube video player