തൃശ്ശൂര്‍: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായതായി പരാതി.  കാണാതായവരെല്ലാം തന്നെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളാണ്. ആറ് പേരെ കാണാതായതായി പരാതികള്‍ ലഭിച്ചെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ എത്തിയത്.  കാണാതായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

ആറ് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ സിറ്റിയിലേയും റൂറലിലേയും ഉദ്യോഗസ്ഥര്‍ കാണാതായ പെണ്‍കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായവര്‍ പുരുഷുസുഹൃത്തുകള്‍ക്കൊപ്പം പോയതാണെന്ന് സൂചനയുണ്ട്.