Asianet News MalayalamAsianet News Malayalam

ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ 47 ഹോട്ടലുകൾക്കെതിരെ നടപടി, 6 ഹോട്ടലുകൾ അടച്ചുപൂട്ടി

മട്ടാ‌‌ഞ്ചേരിയിലെ  ഹോട്ടലിൽ നിന്ന് ബിരിയാണിയിൽ പഴുതാരയെയാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയത്. കളമശേരി അടക്കമുളള മേഖലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

Six hotels shut down after food safety inspection in ernakulam
Author
First Published Jan 7, 2023, 10:47 AM IST

കൊച്ചി: എറണാകുളം ജില്ലയിൽ  മോശം സാഹചര്യത്തിൽ പഴകിയ ഭക്ഷണം വിറ്റ 47 സ്ഥാപനങ്ങൾക്കെതിരെ നടപടി. മട്ടാ‌‌ഞ്ചേരിയിലെ  ഹോട്ടലിൽ നിന്ന് ബിരിയാണിയിൽ പഴുതാരയെയാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയത്. കളമശേരി അടക്കമുളള മേഖലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

ദിവസവും നിരവധി സഞ്ചാരികൾ വന്ന് പോകുന്ന മട്ടാഞ്ചേരിയിലെ കയായീസ് ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴായിരുന്നു ഇത്. കടയ്ക്ക് ഉടനടി ഷട്ടറിട്ടേക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി. കയായീസ് മാത്രമല്ല ഗുരുതര വീഴ്ച കണ്ടെത്തിയ ആറ് ഹോട്ടലുകളാണ്  അടപ്പിച്ചത്. മട്ടാഞ്ചേരിയിലെ സിറ്റിസ്റ്റാർ, ഫോർട്ടുകൊച്ചിയിലെ എ വൺ, കാക്കനാട് ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാൻ തട്ടുകട, നോർത്ത് പറവൂരിലെ മജലിസ് എന്നിവയ്ക്ക് പൂട്ടുവീണു. 

19 ഹോട്ടലുകൾക്കെതിരെ  പിഴയും ചുമത്തി. തൃപ്പൂണിത്തുറ, വൈപ്പിൻ മേഖലകളിൽ നടത്തിയ പരിശോധനയിലും ഏതാനും ഹോട്ടലുകൾക്ക്  പൂട്ട് വീണു. തൃപ്പൂണിത്തുറ- വൈക്കം റോഡിലെ എസ് ആര്‍ ഫുഡ്‌സ് ഹോട്ടല്‍, തൃപ്പൂണിത്തുറയിലെ ലളിതം ഹോട്ടല്‍, മാധവ് ഹോട്ടൽ എന്നിവയാണ് അടപ്പിച്ചത്.

Also Read: ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

അതേസമയം, ഭക്ഷണത്തില്‍ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കാസർഗോഡ് പെൺകുട്ടി മരിച്ചതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം. ഭക്ഷണത്തിൽ മായം ചേർക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാൻ കഴിയില്ലെന്നും വീണാ ജോർജ് കൂട്ടിച്ചേര്‍ത്തു.

Also Read: മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം, ശക്തമായ വകുപ്പുകൾ ചുമത്തണം, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉടൻ : ആരോഗ്യമന്ത്രി

Follow Us:
Download App:
  • android
  • ios