Asianet News MalayalamAsianet News Malayalam

പൊലീസ് യൂണിഫോം ധരിച്ച് വ്യാജ റിക്രൂട്ട്മെൻ്റ്; സ്ത്രീകളടക്കം ആറ് പേര്‍ കസ്റ്റഡിയില്‍

കായംകുളത്ത് രണ്ട് സ്ത്രീകളടക്കം ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം ചേര‌ാവള്ളിയിൽ ഓഫീസ് സ്ഥ‌ാപിച്ചായിരുന്നു തട്ടിപ്പ്. 

six people arrested for fake recruitment
Author
Alappuzha, First Published May 1, 2019, 2:43 PM IST

ആലപ്പുഴ: പൊലീസ് യൂണിഫോം ധരിച്ച് വ്യാജ റിക്രൂട്ട്മെൻ്റ് നടത്തിയ സംഘം പിടിയില്‍. കായംകുളത്ത് രണ്ട് സ്ത്രീകളടക്കം ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം ചേര‌ാവള്ളിയിൽ ഓഫീസ് സ്ഥ‌ാപിച്ചായിരുന്നു തട്ടിപ്പ്. 

കേരള പൊലീസിന്‍റെ ട്രാഫിക് വിഭാഗത്തിലേക്കെന്ന പേരില്‍ വ്യാജേന റിക്രൂട്ട്മെന്‍റും പരിശീലനവും നടത്തുകയായിരുന്നു സംഘം. ഇവരുടെ പക്കല്‍ നിന്നും പൊലീസ് യൂണിഫോമുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഡിവൈഎസ്പി, സിഐ തുടങ്ങിയ വേഷങ്ങളിലിരുന്നാണ് സംഘത്തിൻ്റെ തട്ടിപ്പ്. നിരവധി ഉദ്യോഗാർത്ഥികൾ ഈ ഓഫീസിലെത്തിയിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. സമാന്തര പൊലീസ് സ്റ്റേഷൻ പോലെ തന്നെയാണ് തട്ടിപ്പ് സംഘത്തിന്‍റെ പ്രവര്‍ത്തനം. സമാന കേസിൽ മൂന്ന് പേര്‍ നേരത്തെ കോട്ടയത്ത് അറസ്റ്റിലായിരുന്നു. 

കൊല്ലാട് വട്ടുക്കുന്നേൽ ഷൈമോൻ (40), ഒളശ ചെല്ലിത്തറ ബിജോയി (32), മൂലേടം കുന്നംപള്ളി വാഴക്കുഴി സനിതമോൾ (29) എന്നിവരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്. 

പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തട്ടിപ്പ് കഥ വിവരിച്ചത് ഇങ്ങനെ:

ട്രാഫിക് പൊലീസിലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. കടുവാക്കുളത്തെ സ്വകാര്യ സ്കൂളിൽ പൊലീസ് വേഷത്തിൽ കഴിഞ്ഞ മാസം 27ന് എത്തിയ സംഘം റിക്രൂട്ട്മെന്റ് ആവശ്യത്തിനായി സ്കൂളും മൈതാനവും ആവശ്യപ്പെട്ടു. പൊലീസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്കൂൾ അധികൃതർ അനുവദിച്ചു. 28ന് ആദ്യ പരീക്ഷ നടത്തി. ഇതിൽ 76 പേർ പങ്കെടുത്തു. 200 രൂപയാണ് ഒരാളിൽ നിന്ന് സംഘം ഫീസായി ഈടാക്കിയത്. പാമ്പാടിയിലെ സ്കൂളിൽ റിക്രൂട്ട്മെന്റ് നടത്താനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ സൗകര്യമില്ലാത്തതിനെ തുടർന്നാണത്രേ കടുവാക്കുളം സ്കൂളിലെത്തിയത്. 

പിഎസ്‌സി പരീക്ഷയ്ക്കു സമാനമായി ഒഎംആർ ഷീറ്റുകളിലായിരുന്നു പരീക്ഷ. ഇതില്‍ നിന്ന് 14 പേരെ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കു തിരഞ്ഞെടുത്തു. ഇവർക്കായി കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ കായിക പരിശീലനവും സംഘടിപ്പിച്ചു. യൂണിഫോമിനെന്ന പേരിൽ ഒരാളിൽ നിന്ന് 3000 രൂപയും വാങ്ങി. ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്സ് എന്ന സീൽ പതിപ്പിച്ച വ്യാജ ലെറ്റർ പാഡിലാണു സംഘം ഉദ്യോഗാർഥികൾക്കും മറ്റും കത്തുകൾ നൽകിയിരുന്നത്. പരിശീലന ദിവസങ്ങളിൽ സംഘത്തിലുള്ളവര്‍ പൊലീസ് വേഷത്തിലാണ് എത്തിയിരുന്നത്. പൊലീസ് ട്രെയിനിങ് അക്കാദമിയിൽ ഉപയോഗിക്കുന്ന ടീ ഷർട്ടുകളും ഇവർ ധരിച്ചിരുന്നു.

six people arrested for fake recruitment

ചിത്രം കടപ്പാട്: കേരളാ പൊലീസ് ഫേസ്ബുക്ക് പേജ്

സംഘത്തിലൊരാൾ ഡിഐജിയാണെന്നാണ് ഉദ്യോഗാർഥികളോടു പറഞ്ഞിരുന്നത്. മറ്റുള്ളവർ എസിപിയും സിഐയും എസ്ഐമാരും. സ്ത്രീകളും പൊലീസ് യൂണിഫോമാണ് ഉപയോഗിച്ചിരുന്നത്. പൊലീസിന്റെ വേഷമിട്ടു വന്ന സംഘാംഗങ്ങൾ പൊലീസിന്റെ പെരുമാറ്റ രീതികളും അഭിനയിച്ചു. മേലുദ്യോഗസ്ഥരുടെ വേഷമിട്ടവരെ കൃത്യമായി സല്യൂട്ടടിക്കുക പോലും ചെയ്തു. ഇതൊക്കെ കണ്ടതോടെ പാവം ഉദ്യോഗാർഥികളും കെണിയിൽ വീണു. പെൺകുട്ടികൾ അടക്കമുള്ളവർ പരീക്ഷയെഴുതാൻ എത്തിയിരുന്നു.

സാധാരണക്കാരെ വിശ്വസിപ്പിക്കാൻ വേണ്ടതെല്ലാം തട്ടിപ്പുകാരുടെ കൈയിലുണ്ടായിരുന്നു. റിക്രൂട്ട്‌മെന്റ് അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ വ്യാജ ഉത്തരവ്, ലെറ്റർ പാഡ്, സീൽ അങ്ങിനെ അങ്ങിനെ. വ്യാജ 'എ.എസ്.പി'യായിരുന്നു ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്സിന്റെ മേധാവി. പരീക്ഷയും പരിശീലനവും നടക്കുന്നിടങ്ങളിൽ ഇടയ്ക്ക് ബീക്കൺ ലൈറ്റ് വച്ച വാഹനത്തിൽ എ.എസ്.പി 'മിന്നൽ' സന്ദർശനം നടത്താറുമുണ്ട്. അപ്പോഴൊക്കെ 'സി.ഐ'മാരും'എസ്.ഐ'മാരും ഓടി വന്നു സല്യൂട്ട് ചെയ്യും.

ഓരോ പ്രദേശത്തും റിക്രൂട്ട്‌മെന്റ് നടത്തും മുൻപ് പ്രദേശവാസികളിൽ ഒരാളെ സഹായിയായി കൂട്ടും. അയാളുടെ ബന്ധുക്കൾക്ക് ജോലി വാഗ്ദാനം ചെയ്യും. ഇത്തരത്തിലാണ് തട്ടിപ്പിന് അരങ്ങൊരുക്കിയിരുന്നത്. വ്യാജലെറ്റർ പാഡിൽ തലസ്ഥാന നഗരത്തിന്റെ പേരുപോലും തെറ്റായാണ് അടിച്ചിരുന്നത്. അതുപോലും ഉദ്യോഗാർത്ഥികൾ ശ്രദ്ധിച്ചില്ല. ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായി.

 

Follow Us:
Download App:
  • android
  • ios