Asianet News MalayalamAsianet News Malayalam

സോളാര്‍ തട്ടിപ്പ് കേസ്; സരിതയ്ക്ക് ആറുവർഷം കഠിന തടവ്, 40,000 രൂപ പിഴ

സോളാർ കേസില്‍  സരിത കുറ്റക്കാരിയെന്ന് വ്യക്തമാക്കിയ കോടതി മുന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു.

six years imprisonment for saritha on solar case
Author
Kozhikode, First Published Apr 27, 2021, 3:47 PM IST

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് ആറ് വര്‍ഷത്തെ കഠിന തടവ്. വ്യവസായിയായ അബ്ദുള്‍ മജീദില്‍ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. സരിത 42,000 രൂപ പിഴയും അടയ്ക്കണം. 

ക്വാറന്‍റീനിലായതിനാല്‍ കോടതിയില്‍ ഹാജരാകാനാകില്ലെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ച സാഹചര്യത്തില്‍ ഇയാള്‍ക്കുളള ശിക്ഷ പിന്നീട് വിധിക്കും. അതേസമയം, മൂന്നാം പ്രതിയും സരിതയുടെയും ബിജുവിന്‍റെയും ഡ്രൈവറുമായ മണിമോനെ കോടതി വെറുതെ വിട്ടു. തന്‍റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതായി മണിമോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജു രാധാകൃഷ്ണനും സരിതയും പ്രധാന പ്രതികളായ സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട്  ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞത്. കോഴിക്കോട്ടെ വ്യവസായിയായ അബ്ദുള്‍ മജീദിന്‍റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നും ടീം സോളാറിന്‍റെ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. 

2013ല്‍ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് വിധിവരുന്നത്. കുറ്റകരമായ വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, ചതിയിലൂടെ പണം കൈക്കലാക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി പ്രൊസിക്യൂഷന് തെളിയിക്കാനായ സാഹചര്യത്തിലാണ്  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കെ കെ നിമ്മി സരിതയെ കഠിന തടവിന് ശിക്ഷിച്ചത്. 40000രൂപ സരിതയ്ക്ക് പിഴ വിധിച്ച കോടതി സരിതയ്ക്ക് ജാമ്യവും നിഷേധിച്ചു.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പണം നഷ്ടപ്പെട്ട അബ്ദുള്‍ മജീദ് പ്രതികരിച്ചു. വിചാരണ നടപടികളില്‍ നിന്ന് വിട്ടു നിന്ന സരിതയെ കോടതി നിര്‍ദ്ദേശ പ്രകാരം കസബ പൊലീസ് അറസ്റ്റ് ചെയ്തായിരുന്നു കോടതിയില്‍ ഹാജരാക്കിയത്. സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ സരിത ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ കേസാണിത്.
 

Follow Us:
Download App:
  • android
  • ios