Asianet News MalayalamAsianet News Malayalam

അധിക്ഷേപ വീഡിയോയിലും കയ്യേറ്റങ്ങളിലും പൊലീസിന് മെല്ലെപ്പോക്ക് നയം; വിശദമായ അന്വേഷണം നടത്തണമെന്ന് വിശദീകരണം

രണ്ട് കൂട്ടരും നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് അറസ്റ്റില്ലാത്തതിന് നൽകുന്ന വിശദീകരണം. അതേ സമയം വിവാദ യൂട്യൂബ് ചാനൽ നീക്കം ചെയ്യാൻ പൊലീസ് യൂട്യൂബിന് കത്ത് നൽകി.
 

slow policy for police in vijay p nair abusive video and the assaults
Author
Thiruvananthapuram, First Published Sep 28, 2020, 6:24 AM IST

തിരുവനന്തപുരം: വിജയ് പി നായരുടെ യൂ ട്യൂബ് ചാനലിലെ അധിക്ഷേപ വീഡിയോയിലും തുടർന്നുണ്ടായ കയ്യേറ്റങ്ങളിലും മെല്ലെപ്പോക്ക് നടപടികളുമായി പൊലീസ്. രണ്ട് കൂട്ടരും നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് അറസ്റ്റില്ലാത്തതിന് നൽകുന്ന വിശദീകരണം. അതേ സമയം വിവാദ യൂട്യൂബ് ചാനൽ നീക്കം ചെയ്യാൻ പൊലീസ് യൂട്യൂബിന് കത്ത് നൽകി.

അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കും ഒപ്പമുള്ളവർക്കും പിന്തുണയുമായി ആരോഗ്യമന്ത്രിയും വനിതാകമ്മീഷനും ഫെഫ്കയുമടക്കമുള്ള ഉന്നതർ രംഗത്ത് വന്നിട്ടും പൊലീസ് സ്വീകരിക്കുന്നത് മെല്ലെ പോക്ക് നയമാണ്. അധിക്ഷേപ വീഡിയോയിൽ വിജയ് പി നായർക്കും, ശാന്തിവിള ദിനേശിനുമെതിരെ മ്യൂസിയം പൊലീസ് രജിസ്റ്ർ ചെയ്ത കേസുകളിൽ നടപടിയൊന്നുമായിട്ടില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും അറസ്റ്റടക്കമുള്ള നടപടികൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നാണ് ഹൈട്ടെക് സെൽ പറയുന്നത്. ഭാഗ്യലക്ഷ്മിക്കെതിരെ മോഷണകുറ്റമടക്കമുള്ളവ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

വിജയ് പി നായർ തങ്ങളെ കയ്യേറ്റം ചെയ്തെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ഉടനുണ്ടാവില്ല. പരാതിയുടെ നിജസ്ഥിതി പരിശോധിക്കണെമന്നും സാഹചര്യതെളിവുകളും സാക്ഷി മൊഴികളും പരിശോധിച്ച ശേഷം മാത്രമാവും നടപടികൾ എന്നാണ് പെലീസ് പറയുന്നത്. കോവിഡ് സാഹചര്യമായതിനാൽ ഒഴിച്ചുകൂടാനാകാത്ത ഘട്ടത്തിലേ അറസ്റ്റുണ്ടാകൂവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സ്ത്രീകൾക്കെതിരെ കൂടുതൽ തീവ്രതയുള്ള വകുപ്പുകളാണ് ചുമത്തിയതെന്നും, വിജയ് പി നായർക്കെതിരെ സാങ്കേതികതയുടെ പേര് പറഞ്ഞ് താരതമ്യേന്യെ ചെറിയ വകുപ്പുകളാണ് ചുമത്തിയതെന്നുമുള്ള ആക്ഷേപം ശക്തമാണ്.

വിജയ് പി നായരോട് ലോഡ്ജ് വിട്ട് പുറത്ത് പോവരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. വിവാദങ്ങൾക്കിടയിലും ഇയാളുടെ യൂടൂബ് ചാനൽ സജീവമാണ്. പതിനായിരത്തോളം പേരാണ് പുതുതായി ഇയാളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. വിവാദ വീഡിയോ നീക്കിയെങ്കിലും സമാനസ്വഭാവമുള്ള മറ്റ് വീഡിയോകൾ നിലനിൽക്കുകയാണ്.


 

Follow Us:
Download App:
  • android
  • ios