ടൈംടേബിൾ വച്ചാണ് പണി നടക്കുന്നതെന്നും മഴക്ക് മുൻപ് മുഴുവൻ റോഡും തുറന്ന് കൊടുക്കുമെന്നുമാണ് വിശദീകരണം.
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ വട്ടം ചുറ്റിച്ച സ്മാർട് സിറ്റി റോഡുകളുടെ നിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കുമെന്ന് സര്‍ക്കാര്‍. ടൈംടേബിൾ വച്ചാണ് പണി നടക്കുന്നതെന്നും മഴക്ക് മുൻപ് മുഴുവൻ റോഡും തുറന്ന് കൊടുക്കുമെന്നുമാണ് വിശദീകരണം. അതേസമയം നഗരയാത്രക്ക് ബദൽ ക്രമീകരണം ഒരുക്കാത്തതിൽ യാത്രക്കാരുടെ കടുത്ത പ്രതിഷേധം തുടരുകയാണ്.
സ്മാർട്ട് സിറ്റി റോഡെങ്കിലും പണികൾ അത്ര സ്മാർട്ടായിരുന്നില്ല. നാട് നീളെ റോഡുകൾ കുത്തിക്കീറിയും വെട്ടിപ്പൊളിച്ചും നാട്ടുകാർക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതി. ഒപ്പം ഒച്ചിഴയും വേഗത്തിലുള്ള പണി ഇരട്ടി പ്രഹരമായി. ആളുകളുടെ ദുരിതം വാർത്തകളിൽ നിറഞ്ഞതോടെയാണ് ടൈം ടേബിൾ വച്ച് പണി പൂർത്തികരിക്കാൻ തീരുമാനിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിലുള്ള 38 റോഡുകളാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പുനനിർമിക്കുന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡുകൾ.
സ്റ്റാച്യു - ജനറൽ ഹോസ്പിറ്റൽ, ഫോറസ്റ്റ് ഓഫീസ് ജംഗ്ഷൻ - ബേക്കറി ജംഗ്ഷൻ, തൈക്കാട് ഹൗസ് - കീഴെ തമ്പാനൂർ, നോർക്ക - ഗാന്ധി ഭവൻ, കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡുകൾ മാർച്ച് ആദ്യവും ഓവർ ബ്രിഡ്ജ് - കളക്ടറേറ്റ്- ഉപ്പിടാംമൂട് ജംഗ്ഷൻ, ജനറൽ ഹോസ്പിറ്റൽ - വഞ്ചിയൂർ, ആൽത്തറ - ചെന്തിട്ട റോഡുകൾ മാർച്ച് അവസാനവും പൂര്‍ത്തിയാക്കാനാണ് കരാറുകാർക്ക് നിർദേശം നൽകിയിരിക്കുന്നത്. രണ്ട് വർഷം മുന്‍പ് കരാർ ഏറ്റെടുത്ത കമ്പനി പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സ്മാർട് സിറ്റി, റോഡ് ഫണ്ട് ബോർഡ് എന്നിവരുടെ വിശദീകരണം. പുതിയ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്. പറഞ്ഞ സമയത്തിനും മുമ്പ് റോഡുകൾ തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് ഊരാളുങ്കല്‍ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

