കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിൽ കാര്‍ഗോ വഴി സ്വര്‍ണ്ണം കടത്തിയ വിവാദം കനക്കുമ്പോഴും കോഴിക്കോട് കരിപ്പൂരിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തുന്ന ചരക്കുകള്‍ പരിശോധിക്കാനുള്ള എക്സറേ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ അവസ്ഥയില്‍  വ്യാപകമായ കള്ളക്കടത്താണ് കരിപ്പൂര്‍ വിമാനത്താവളം വഴി നടത്തുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദത്തോടെ തിരുവനന്തപുരത്ത് നിരീക്ഷണം ശക്തമാക്കിയതും കരിപ്പൂരിലെ കാര്‍ഗോ വഴിയുള്ള കള്ളക്കടത്ത് കൂട്ടിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ഓരോ മാസവും എത്തുന്നത് ക്വിന്‍റല്‍ കണക്കിന് ചരക്കുകള്‍. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന ചരക്കുകള്‍ പരിശോധിക്കാന്‍ ഇവിടെയുള്ളത് ഒരു എക്സറേ മെഷീന്‍ മാത്രം. ഇതാകട്ടെ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ പ്രവര്‍ത്തന രഹിതം. കൃത്യമായ പരിശോധനകള്‍ നടത്താതെ എയര്‍ കാര്‍ഗോ വഴിയുള്ള ചരക്കുകള്‍ വിട്ടുനല്‍കേണ്ട അവസ്ഥ. അതുകൊണ്ട് തന്നെ സ്വര്‍ണ്ണം അടക്കമുള്ളവ ഒളിപ്പിച്ച് കടത്തിയാല്‍ എളുപ്പം കണ്ടെത്താനാവില്ല.

കേരളത്തില്‍ ഏറ്റവുമധികം സ്വര്‍ണ്ണക്കടത്ത് നടക്കുന്ന വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലാണ് ഈ ദുരവസ്ഥ. എക്സറേ മെഷീന്‍ കേടാണെന്ന് മനസിലാക്കിയ കള്ളക്കടത്ത് സംഘങ്ങള്‍ അവസരം മുതലാക്കുന്നതായാണ് വിവരം. മെഷീന്‍ കേടായി ഒന്‍പത് മാസത്തിനിടയില്‍ കാര്‍ഗോ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് പിടികൂടിയത് വിരളം. കാര്‍ഗോയില്‍ എത്തിയ അരക്കിലോഗ്രാം സ്വര്‍ണ്ണം മാര്‍ച്ച് മാസത്തില്‍ പിടിച്ചെടുത്തിരുന്നു. അത് കണ്ടെത്തിയതാവട്ടെ മറ്റൊരു വിഭാഗം നടത്തിയ മിന്നല്‍ പരിശോധയിലും. ചരക്കുകള്‍ വിമാനത്താവളത്തിനകത്തേക്ക് കൊണ്ടുപോയി എക്സറേ മെഷീനിലിട്ട് പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.

സ്വര്‍ണ്ണം മാത്രമല്ല, കുങ്കുമപ്പൂവ്, സിഗരറ്റ്, ചോക്കലേറ്റ് തുടങ്ങിയവയെല്ലാം എയര്‍ കാര്‍ഗോ വഴി വ്യാപകമായി കടത്തുന്നുണ്ട്.  കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ആണ് എക്സറേ മെഷീന്‍ മാറ്റി സ്ഥാപിക്കേണ്ടത്. നിരവധി തവണ രേഖാമൂലം അഭ്യര്‍ത്ഥിച്ചിട്ടും മെഷീന്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കയറ്റുമതി വിഭാഗത്തിലെ എക്സറേ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് ചരക്കുകള്‍ വിട്ടുനല്‍കുന്നതെന്നാണ് കസ്റ്റംസ് കാര്‍ഗോ വിഭാഗം ഉന്നതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പരിശോധന കൃത്യമായി നടക്കുന്നില്ലെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു.