Asianet News MalayalamAsianet News Malayalam

പാമ്പുകടിയേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷകരായി പൊലീസ്

പാമ്പിൻ്റെ കടിയേറ്റ യുവതിയെ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷകനായി കോഴിക്കോട് സിറ്റി പൊലീസ്. പുതിയങ്ങാടി ചെട്ടിക്കണ്ടി അഭയയെയാണ് (21) ഇന്ന് വൈകുന്നേരം ആറരയോടെ പാമ്പിൻ്റെ കടിയേറ്റത്

snake bitten girl was taken to hospital  Police as rescuers
Author
Kerala, First Published Oct 11, 2021, 4:38 PM IST

കോഴിക്കോട്: പാമ്പിൻ്റെ കടിയേറ്റ യുവതിയെ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷകനായി കോഴിക്കോട് സിറ്റി പൊലീസ്. പുതിയങ്ങാടി ചെട്ടിക്കണ്ടി അഭയയെയാണ് (21) ഇന്ന് വൈകുന്നേരം ആറരയോടെ പാമ്പിൻ്റെ കടിയേറ്റത്. അമ്മ ശ്രീവിദ്യക്കൊപ്പം അമ്പലത്തിൽ പോയി മടങ്ങവെ പാവങ്ങാട് റെയിൽവേ ക്രോസിൽ വെച്ചാണ് അഭയയുടെ രണ്ട് കാലിനും പാമ്പിൻ്റെ കടിയേറ്റത്. 

കടിച്ച പാമ്പ് ഇഴഞ്ഞ് പോകുന്നത് കണ്ടതോടെ അമ്മ ശ്രീവിദ്യ മകൻ അഭിഷേകിന് വിളിച്ച് കാര്യം പറഞ്ഞു. അഭിഷേക് ബൈക്കുമായെത്തി അഭയയുടെ  കാലിൽ കടിയേറ്റ് രക്തം വരുന്ന ഭാഗത്തിന് മുകളിലായി തുണി കൊണ്ട് കെട്ടിയ ശേഷം അമ്മക്കൊപ്പം ബൈക്കിൽ മധ്യത്തിൽ ഇരുത്തി കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു. 

പക്ഷേ ബീച്ച് ഹോസ്പിറ്റലിൽ എത്തിയപ്പോൾ കോവിഡ് ഹോസ്പിറ്റൽ ആയതിനാൽ ചികിത്സയില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞു. അവിടെ ആംബുലൻസ് നോക്കിയപ്പോൾ ഇല്ല. പിന്നെയും ബൈക്കിൽ കയറി മുന്നോട്ട് പോയപ്പോൾ റോഡിൽ ഗതാഗത തടസ്സം നേരിട്ടതോടെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമായതായി അഭിഷേക് പറഞ്ഞു. 

സിഎച്ച് ഓവർ ബ്രിഡ്ജിന് സമീപം പൊലീസ് വണ്ടി കണ്ടതോടെ സഹായം അഭ്യർത്ഥിക്കാൻ ഇവർ തീരുമാനിച്ചു. സിറ്റി അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷിനോട് കാര്യങ്ങൾ പറഞ്ഞതോടെ അദ്ദേഹം ജീപ്പിൽ കയറാൻ പറഞ്ഞു. ഉടൻ കൺട്രോൾ റൂമിൽ വിളിച്ച് ആംബുലൻസ് റെഡിയാക്കി നിർത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. കൺട്രോൾ റൂമിലെത്തി അഭയയെ പോലീസിൻ്റെ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. 

യഥാസമയം ആശുപത്രിയിലെത്തിക്കാനായത് ഈ യുവതിയ്ക്ക് തുണയായി. ബൈക്കിൽ പേടിച്ച് വിറച്ച് കരഞ്ഞ സഹോദരിക്കു അമ്മയ്ക്കും പോലീസിൻ്റെ തത്സമയ ഇടപെടൽ വലിയ ഉപകാരമായതായി സഹോദരൻ അഭിഷേക് പറഞ്ഞു. രാത്രി ഒൻപത് മണിയോടെ ഇവർ ആശുുപത്രിയിൽ നിന്നും  ഡിസ്്ചാർജായി തിരിച്ച് വീട്ടിലെത്തി.

Follow Us:
Download App:
  • android
  • ios