ദില്ലി: എൻഎൻസി ലാവ്‍ലിൻ കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് സിബിഐ സുപ്രീം കോടതിയിൽ. അടിയന്തര പ്രാധാന്യം ഉള്ള കേസ് ആയത് കൊണ്ട് തന്നെ വേഗം പരിഗണിക്കണെമെന്നും സിബിഐ ആവശ്യപ്പെട്ടു.  സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജരായത്. 

ഏറെ പ്രധാനപ്പെട്ട നീക്കമായാണ് സിബിഐ നിലപാടിനെ വിലയിരുത്തുന്നത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിലായിരുന്നു ഇന്ന് കേസ് എടുക്കേണ്ടിയിരുന്നത്. ഇരുപത്തിമൂന്നാമത്തെ കേസായാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. 14 കേസുകൾ മാത്രമാണ് ഇന്ന് പരിഗണിച്ചത്. ഉച്ചക്ക് കോടതി നടപടികൾ അവസാനിക്കാറായപ്പോഴാണ്  സോളിസിറ്റർ ജനറൽ തുഷാർ മേത്ത സിബിഐക്ക് വേണ്ടി കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. 

അടിയന്തര പ്രാധാന്യം ഉള്ള കേസ് ആയതിനാൽ അത് പരിഗണിക്കണമെന്ന തുഷാര്‍ മേത്തയുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.