ദില്ലി: എസ്എൻസി ലാവ്‌ലിൻ അഴിമതി കേസിൽ നേരത്തെ രണ്ട് കോടതികൾ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സിബിഐയെ ഓർമ്മിപ്പിച്ച് സുപ്രീം കോടതി. കേസിൽ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും കോടതി ഓർമ്മിപ്പിച്ചു. കേസ് ഈ മാസം 16 ന് പരിഗണിക്കാനായി മാറ്റി. സിബിഐ വിശദമായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കണം.

സിബിഐക്ക് വേണ്ടി തുഷാർ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയും ഹാജരായി. പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് തുഷാർമേത്ത വാദിച്ചു.

അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച സിബിഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ വി ഗിരി ഹാജരാകുമെന്നാണ് കരുതിയതെങ്കിലും തുഷാർ മേത്തയ്ക്ക് എതിരെ വാദിക്കാൻ ഹരീഷ് സാൽവെയാണ് എത്തിയത്. കേസിൽ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയിലെത്തിയത്.