ദില്ലി: എസ്എൻസി ലാവ് ലിൻ കേസ് ഏപ്രിൽ 22ന് സുപ്രീംകോടതി പരിഗണിക്കും. കേസ് മാറ്റിവെക്കില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 22ന് വാദം കേൾക്കൽ ആരംഭിക്കാനുള്ള സാധ്യതയുണ്ട്. ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, കെ.എം.ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുക. കേരളത്തിലെ വോട്ടെടുപ്പ് ദിനത്തിൽ ഏപ്രിൽ 6നായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. പ്രധാന ചില രേഖകൾ നൽകാനുണ്ടെന്ന് അറിയിച്ച് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ.ഫ്രാൻസിസ് നൽകിയ അപേക്ഷ അംഗീകരിച്ചായിരുന്നു അന്ന് കേസ് മാറ്റിയത്.

ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചതെങ്കിലും കെഎം ജോസഫ് കൂടി ഡിവിഷൻ ബെഞ്ചിൽ അംഗമായി. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള മുൻ ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്. 

ലാവ് ലിൻ കേസ് സുപ്രിം കോടതി  വീണ്ടും മാറ്റിവെച്ചതിനു പിന്നിലെ വൻശക്തി അദാനിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയെ  സ്വാധീനിക്കാൻ കഴിയുന്ന ശക്തികളിൽ ഒരാളാണ് അദാനിയെന്ന് എല്ലാവര്‍ക്കും  അറിയാം. മോദി - പിണറായി കൂട്ടുകെട്ടിന്‍റെ ഇടനിലക്കാരനാണ് അദാനി. ഈ സഹായത്തിന് പാരിതോഷികമായാണ് അദാനിയുമായി സംസ്ഥാന സർക്കാരിൻറെ വഴി വിട്ടള്ള വൈദ്യുതി കരാർ എന്നും ചെന്നിത്തല ആരോപിച്ചു.