ആലപ്പുഴ: ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്ത എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെകെ മഹേശന്‍റെ കത്തിലെ ആരോപണങ്ങളെ തള്ളിയും വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചും എസ്എൻഡിപി ചേര്‍ത്തല യൂണിയൻ. മഹേശന്‍റേതായി പുറത്ത് വന്ന കത്തിലെ ആരോപണങ്ങൾ തെറ്റാണെന്നും മഹേശൻ മൂന്നു കോടിയുടെ ക്രമക്കേട് നടത്തിയെന്നും എസ്എൻഡിപി ചേര്‍ത്തല യൂണിയൻ പ്രതികരിച്ചു.

മഹേശൻ കൺവീനറായിരുന്നപ്പോൾ മൈക്രോഫിനാൻസ് പദ്ധതിയിൽ പൊരുത്തക്കേട് ഉണ്ടായി. ബാങ്ക് ഇടപാടുകളിൽ ക്രമക്കേട് നടന്നു. മൂന്ന് കോടി മുപ്പത്തിഒൻപത് ലക്ഷം രൂപയുടെ ക്രമക്കേടാണ് കെകെ മഹേശൻ നടത്തിയത്. ക്രമക്കേടുകൾ കുറിച്ച് വിശദമായ അന്വേഷണത്തിലാണ്. മൈക്രോഫിനാൻസ് തട്ടിപ്പിനൊപ്പം യൂണിയൻറെ നേതൃത്വത്തിലുള്ള ഹയര്‍ സെക്കന്‍ററി സ്കൂളിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടായി. ഇക്കാര്യങ്ങളിലും അന്വേഷണം വേണം. ചേര്‍ത്തല ഭരണസമിതി വെള്ളാപ്പള്ളി നടേശന് പൂർണപിന്തുണ നല്‍കുന്നതായും യൂണിയൻ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കെ കെ മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കഴിഞ്ഞ ദിവസം നാല് മണിക്കൂറിലധികം  മാരാരിക്കുളം പൊലീസ് ചോദ്യം ചെയ്‍തതിരുന്നു. മഹേശൻ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചത്. വെള്ളാപ്പള്ളി നടേശന് 32 പേജുള്ള കത്താണ് കെ കെ മഹേശൻ നൽകിയിരുന്നത്. സാമ്പത്തിക തിരിമറി, മാനസിക പീഡനം തുടങ്ങിയ കാര്യങ്ങൾ ഈ കത്തിലുണ്ട്. ആത്മഹത്യാ കുറിപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെയും സഹായി അശോകന്‍റെയും പേരുകൾ എഴുതിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വെള്ളാപ്പള്ളി നടേശനുമായും കെ എൽ അശോകനുമായും മഹേശൻ ഫോണിൽ സംസാരിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകന്‍റെയും മൊഴി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൊലീസ് എടുത്തിട്ടുണ്ട്. അതേസമയം കേസിൽ പ്രത്യേക സംഘം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മഹേശന്‍റെ കുടുംബം.