കൊച്ചി: എസ്എൻഡിപി ഫണ്ട് ക്രമക്കേടിനെതിരെ ഫയൽ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയിൽ. യൂണിയനിലെ സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താൻ പൊലീസിന് അധികാരമില്ലെന്നാണ് സുഭാഷ് വാസുവിന്‍റെ വാദം. അതുകൊണ്ട് കേസ് റദ്ദാക്കണം .കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിയന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് കമ്പനി രജിസ്ട്രാർ ആണെന്നും സുഭാഷ് വാസു ഹര്‍ജിയിൽ പറയുന്നു. 

കണക്കുകൾക്ക് മാവേലിക്കര യൂണിയൻ ജനറൽ ബോഡി അംഗീകാരം നൽകിയിട്ടുണ്ട് . യൂണിയൻ കൗൺസിലിൽ നിന്ന് പുറത്താക്കിയതിന്‍റെ പ്രതികാരമായാണ് വ്യാജ ആരോപണങ്ങളുമായി ദയകുമാർ എന്നയാൾ പോലീസിൽ പരാതി നൽകിയത്.  

എസ്എൻഡിപി യൂണിയന്‍റെ പ്രവർത്തനങ്ങളെ കുറിച്ചു പൊലീസിൽ പരാതിപ്പെടാൻ ദയകുമാറിന് അർഹത ഇല്ലെന്നും സുഭാഷ് വാസു വാദിക്കുന്നു. അതുകൊണ്ട് എഫ്ഐആര്‍ റദ്ദാക്കുകയും അന്വേഷണം നിർത്തിവയ്ക്കാൻ പൊലീസിന് നിർദേശം നൽകുകയും വേണമെന്നാണ് ,സുഭാഷ് വാസുവിന്‍റെ ആവശ്യം.