കൊച്ചി: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം നടക്കാത്തത് ദുരൂഹമെന്ന് പ്രൊഫ. എം കെ സാനു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ എറണാകുളത്ത് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. 

മഹേശന്റെ ദുരൂഹ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംയുക്ത സമര സമിതി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ച് തിരുവോണ ദിവസം സമര സമിതിയിലെ വിവിധ  സംഘടന ഭാരവാഹികൾ ഉപവാസം അനുഷ്‌ഠിക്കും. അന്വേഷണം തന്നെ സംശയത്തിന്റെ നിഴലിലാണ്. മഹേശന്‍റെ ആത്മഹത്യ കുറിപ്പിൽ വെള്ളാപ്പള്ളിയുടെ ഇടപെടലുകൾ വ്യക്തമാക്കുന്നുണ്ടെന്നും സമര സമിതി ആരോപിച്ചു. പ്രൊഫ. എം കെ സാനു വിളിച്ചു ചേർത്ത യോഗത്തിലാണ് വിവിധ സംഘടനകൾ ഇക്കാര്യം ചർച്ച ചെയ്തത്.

വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്‍തനായിരുന്ന കെ കെ മഹേശനെ ജൂണ്‍ 24 നാണ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും കത്തില്‍ മഹേശന്‍ ആരോപിക്കുന്നുണ്ട്.