ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ മരണത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. മരണത്തെ ചുറ്റിപ്പറ്റി പല ചർച്ചകളും നടക്കുന്നുണ്ട്. വസ്തുത പുറത്തുവരണമെന്നും വെള്ളാപ്പള്ളി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കെ കെ മഹേശനെ ഇന്ന് രാവിലെയാണ് യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ്,  സ്കൂൾ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററായ മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. നിലവിൽ 21 കേസുകൾ മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച്  അന്വേഷിക്കുന്നുണ്ട്.

യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മഹേശൻ ക്രൈംബ്രാഞ്ചിന് കത്ത് നൽകിയിരുന്നു. കേസിൽ കുടുക്കിയാൽ ആത്മഹത്യ ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച്  എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നൽകിയ കത്തിൽ മഹേശൻ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളി നടേശന്  തന്നോട് ശത്രുത ഉണ്ട്. മൈക്രോഫിനാൻസ് കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുകയാണെന്നും കത്തിൽ പറഞ്ഞിരുന്നു.

ഈ മാസം ഒമ്പതിനാണ് മഹേശൻ ക്രൈംബ്രാഞ്ചിന് കത്ത് നൽകിയത്. 37 ലക്ഷത്തിലധികം രൂപ യൂണിയനിലേക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകാനുണ്ടെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിന്റെ കണക്ക് വെള്ളാപ്പള്ളിക്ക് നൽകിയിട്ടുണ്ട്. ഫെഡറൽ ബാങ്കിൽ നിന്നും വായ്പയെടുത്ത് വരവ് വെച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടക്കേണ്ടതാണ്. ഇത് അടച്ചില്ലെങ്കിൽ തന്റെ കുടുംബം ജപ്തി നേരിടും. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച യൂണിയൻ നേതാക്കൾക്ക് ജീവൻ സമർപ്പിക്കുന്നെന്നും മഹേശൻ കത്തിൽ പറഞ്ഞിട്ടുണ്ട്. 

 

Read Also: കണിച്ചുകുളങ്ങര എസ്എൻഡിപി സെക്രട്ടറിയുടെ മരണം; ആരോപണങ്ങൾ ശക്തം, വെള്ളാപ്പള്ളി കുരുക്കിലാവുമോ?...