ആലപ്പുഴ: എസ്എൻഡിപി യുടെ കീഴിലുള്ള  ക്ഷേത്രങ്ങൾ നാളെ മുതൽ തുറക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ച് ആകും തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുകയെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടായിരത്തോളം ക്ഷേത്രങ്ങളും ഗുരു ക്ഷേത്രങ്ങളും തുറക്കാനാണ് എസ്എന്‍ഡിപിയുടെ തീരുമാനം. 

അതേസമയം ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ  തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തി.  ദേവസ്വം ബോർ‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ധൃതിപിടിച്ച് തുറക്കുന്നത് സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ  കുറ്റപ്പെടുത്തല്‍. പരിവാർ സംഘടനകളുടെ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. 

ആരാധനാലയങ്ങൾ തുറക്കാനിരിക്കെ  ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരുക്കവും തുടങ്ങി. ഗുരുവായൂർ ക്ഷേത്രവും പരിസരവും അഗ്നിശമനസേന അണുവിമുക്തമാക്കി. നാളെ രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്ഷേത്രത്തിൽ ദർശനം അനുവദിക്കുക. ഓൺലൈനായി ബുക്ക് ചെയ്തവർക്കാണ് പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ഷേത്ര ദർശനമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. വിശ്വാസികൾ ബാഗുകൾ ചെരുപ്പുകൾ തുടങ്ങിയവ കൊണ്ടുവരുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.