ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി വായിച്ച കവിതയെഴുതിയ മിടുക്കിയെ തേടി ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തിയപ്പോൾ കവിത ഉൾപ്പെടുത്തിയതിന്റെ സന്തോഷത്തേക്കാൾ സ്നേഹയ്ക്ക് പറയാനുണ്ടായിരുന്നത് തൻ്റെ സ്കൂളിനെക്കുറിച്ചായിരുന്നു.

തിരുവനന്തപുരം: കുഴൽമന്ദം സ്കൂൾ നിർമ്മാണത്തിന് ഇടപെട്ട ധനമന്ത്രിക്ക് നന്ദി പറഞ്ഞ് സ്നേഹയും സ്കൂൾ ഹെഡ്മാസ്റ്റർ ഇസ്മയിലും. ഇത്ര വേഗത്തിൽ നടപടി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും സ്നേഹ പറഞ്ഞു. ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി വായിച്ച കവിത എഴുതിയ സ്നേഹ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് സ്കൂളിൻ്റെ ശോചനീയാവസ്ഥ ധനമന്ത്രിയെ അറിയിച്ചത്. ഇതേ തുടർന്നാണ് സ്കൂൾ പുതുക്കിപ്പണിയുമെന്ന് ധനമന്ത്രിയുടെ ഉറപ്പ് നൽകിയത്. സ്കൂൾ സന്ദർശിക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. 

"നേരം പുലരുകയും സൂര്യന്‍ സര്‍വ്വ തേജസോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗ്ഗമാക്കുകയും ചെയ്യും. നാം കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും. സാര്‍, പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എച്ച്എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹ എഴുതിയ കവിതയോടെ 2021 - 22 ലേക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഞാന്‍ ആരംഭിക്കുന്നു. " പിണറായി സര്‍ക്കാറിന്‍റെ അവസാന ബജറ്റ് അവതരണം ധനകാര്യ മന്ത്രി തോമസ് ഐസക് ആരംഭിച്ചത് ഇങ്ങനെയാണ്. 

കവിതയെഴുതിയ മിടുക്കിയെ തേടി ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തിയപ്പോൾ ബജറ്റിൽ കവിത ഉൾപ്പെടുത്തിയതിന്റെ സന്തോഷത്തേക്കാൾ സ്നേഹയ്ക്ക് പറയാനുണ്ടായിരുന്നത് തൻ്റെ സ്കൂളിനെക്കുറിച്ചായിരുന്നു. ദേശീയ പാതയോരത്തെ പൊളിഞ്ഞ് വീഴാറായ മൂന്ന് കെട്ടിടങ്ങളാണ് കുഴൽന്ദം ജിഎച്ച്എച്ച്എസ്. മേല്‍ക്കൂര മിക്കതും അടര്‍ന്നു വീഴാറായി. കെട്ടിടങ്ങളിലൊന്ന് തകരം കൊണ്ടു മറച്ചിരിക്കുകയാണ്. ഹൈസ്കൂള്‍ ക്ലാസുകളിപ്പോള്‍ മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും ചെറിയ ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറികളായി ഈ കെട്ടിടങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 

സ്കൂളിനായി സ്ഥലം കണ്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അനുവദിച്ചെങ്കിലും ഇനിയും പണിതുടങ്ങിയിട്ടില്ല. കൊവിഡ് കാല പ്രതിസന്ധി മാറിയാലും കുട്ടികള്‍ ഇവിടെത്തന്നെ പ‌ഠിക്കേണ്ടി വരുമെന്നു ചുരുക്കം. വിഷയത്തിൽ ഇടപെടുമെന്ന ധനമന്ത്രിയുടെ ഉറപ്പിലാണ് ഇനി പ്രതീക്ഷ.