എസിജിഎൽ നിര്‍മിക്കുന്ന ബസുകളിലെ ആദ്യ ബസുകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിപ്പോള്‍ കെഎസ്ആര്‍ടിസി ഫേയ്സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമൊക്കെ വൈറലായിരിക്കുന്നത്

തിരുവനന്തപുരം: കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷൻ പുതുതായി ഇറക്കാനിരിക്കുന്ന സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ ഡിസൈനിനും പെയിന്‍റിങിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമര്‍ശനം. ഓട്ടോമൈബാൽ കോര്‍പ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡ് (എസിജിഎൽ) എന്ന ബസ് നിര്‍മാതാക്കളാണ് ടാറ്റയുടെ ഈ ബസുകളുടെ ബോഡി നിര്‍മിച്ചിരിക്കുന്നത്. 

എസിജിഎൽ നിര്‍മിക്കുന്ന ബസുകളിലെ ആദ്യ ബസുകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിപ്പോള്‍ കെഎസ്ആര്‍ടിസി ഫേയ്സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമൊക്കെ വൈറലായിരിക്കുന്നത്. കാലത്തിന് അനുസരിച്ചുള്ള പുതിയ ഡിസൈനിന് പകരം പത്തുവര്‍ഷം പിന്നോട്ട് പോകുന്ന രീതിയിൽ മഹാരാഷ്ട്ര റോഡ് ട്രാന്‍സ്പോര്‍ട്ടേഷൻ ബസുകളെയടക്കം അനുസ്മരിപ്പിക്കും വിധം ആകര്‍ഷകമല്ലാത്ത ഡിസൈനും പെയിന്‍റിങുമാണ് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് നൽകിയിരിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കെഎസ്ആര്‍ടിസിയെ സ്നേഹിക്കുന്ന കൂട്ടായ്മകളിലെ അംഗങ്ങളുടെ വിമര്‍ശനം.

കെഎസ്ആര്‍ടിസിയിൽ പുതിയ ബസുകള്‍ എത്തുമെന്ന് മലപ്പുറത്തെ നവീകരിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ ഉദ്ഘാടനത്തിനിടെ മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. പുതുതായി എത്തുന്ന ബസുകളിൽ ചിലതിന്‍റെ ചിത്രങ്ങളാണിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പുതുതായി 143 ബസുകള്‍ വാങ്ങുന്നതിനായാണ് കെഎസ്ആര്‍ടിസി മുൻകൂര്‍ തുക നൽകിയിട്ടുള്ളത്. 

ടാറ്റ, അശോക് ലെയ്ലാന്‍ഡ്, ഐഷര്‍ കമ്പനികളിൽ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി 60 സൂപ്പര്‍ഫാസ്റ്റ് ബസുകളും 20 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുമാണുള്ളത്. ഇതിന് പുറമെ എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകള്‍ എന്നിവയും നിരത്തിലിറക്കുന്നുണ്ട്. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകള്‍ക്കും ഓര്‍ഡര്‍ നൽകിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയിൽ കാലപഴക്കം ചെന്ന ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിനെ യാത്രക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പുതിയ ബസുകളുടെ ഡിസൈൻ പഴയകാലത്തേത് ആയിപ്പോയെന്ന അഭിപ്രായമാണ് ഉയരുന്നത്. അതേസമയം, പുതിയ ഡിസൈനിനെ അനുകൂലിച്ചും ചിലര്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. എന്നാൽ, ഭൂരിഭാഗം പേരും ഡിസൈനിലും പെയിന്‍റിങിലും മാറ്റം വരുത്തി തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളുടെ ട്രാന്‍സ്പോര്‍ട്ട് ബസുകളോട് കിടപിടിക്കുന്ന ഡിസൈൻ ആക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.

 കെഎസ്ആര്‍ടിസിയുടെ സ്വന്തം ബോഡി ബിൽഡിങ് സെന്‍ററിൽ ഇതിനേക്കാള്‍ നല്ല ഭംഗിയിൽ ബസ് ഇറക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇതെന്ത് ഡിസൈനാണെന്നും കണ്ടാൽ പുതിയ വണ്ടിയാണെന്ന് പറയില്ലെന്നും പത്തുവര്‍ഷം പിറകോട്ട പോയ പോലെയുണ്ടെന്നും തമിഴ്നാട് വണ്ടിയുടെ പെയിന്‍റിങ്, ഡിസൈൻ നിലവാരമടക്കം കണ്ടുപഠിക്കേണ്ടതാണെന്നടക്കം പലരും സാമൂഹിക മാധ്യമങ്ങളിൽ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

 പുതിയ ഡിസൈനിൽ ചില മാറ്റങ്ങള്‍ വരുത്തി മനോഹരമായ ഡിസൈനുകളും പല കെഎസ്ആര്‍ടിസി ആരാധാകരും പങ്കുവെക്കുന്നുണ്ട്.എജിസിഎല്ലിന്‍റെ ബോഡി സുരക്ഷിതമാണെന്നും എന്നാൽ, അതിന്‍റെ കളര്‍ കോഡിങ് ലിവറി വളരെ മോശമായിപ്പോയെന്നും അതിന് ഉത്തരവാദി കമ്പനിയല്ലെന്നും കെഎസ്ആര്‍ടിസി അധികൃതരാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.