Asianet News MalayalamAsianet News Malayalam

സഭ നീതിക്കൊപ്പമല്ലെന്ന് സിസ്റ്റർ ലൂസി, പിന്തുണയുമായി കൊച്ചി വഞ്ചി സ്ക്വയറിൽ കൂട്ടായ്മ

സഭ എപ്പോഴും നീതിക്കൊപ്പമല്ല നിൽക്കുന്നതെന്ന് സിസ്റ്റർ ലൂസി. ഇരക്കൊപ്പം നിൽക്കാൻ സഭ തയ്യാറാകണം. സിസ്റ്റർ ലൂസിയ്ക്ക് നീതി ലഭിക്കാൻ സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മ

social workers unite in solidarity with sister lucy
Author
Kochi, First Published Oct 12, 2019, 10:13 AM IST

കൊച്ചി:സിസ്റ്റർ ലൂസിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മ. കൊച്ചി വഞ്ചി സ്ക്വയറിലാണ് സിസ്റ്റർ ലൂസിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യപ്രവർത്തകർ ഒത്തു ചേരുന്നത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സമരം നടത്തിയ അതേ വേദിയിൽ തന്നെയാണ് സിസ്റ്റർ ലൂസിക്കും പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യപ്രവർത്തകർ കൂട്ടായ്മ സംഘടിപ്പിച്ചത്. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചു എന്ന് കാട്ടിയാണ് സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍നിന്ന് പുറത്താക്കിയത്.  

നീതിക്ക് വേണ്ടിയുള്ള കൂട്ടായ്മയിൽ സഭക്കെതിരെ സിസ്റ്റർ ലൂസി വിമർശനം ഉയർത്തി. സഭ എപ്പോഴും നീതിക്കൊപ്പമല്ല നിൽക്കുന്നതെന്നായിരുന്നു വിമർശനം.  ഇരക്കൊപ്പം നിൽക്കാൻ സഭ തയ്യാറാകണം. തന്നെയും കന്യാസ്ത്രീ സമൂഹത്തെയും അപകീർത്തിപ്പെടുത്തിയ ഫാദർ നോബിൾ തോമസിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സഭ സ്വീകരിക്കുന്നത്.  ഇവർക്കെതിരെ സഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും തനിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ സദസ്സിനെ സാക്ഷിയാക്കി സിസ്റ്റർ ലൂസി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് ഇതുവരെ വേണ്ട നടപടിയെടുത്തിട്ടില്ലെന്നും സിസ്റ്റർ കുറ്റപ്പെടുത്തി. 

സിസ്റ്റ‍‍ർ ലൂസിക്ക് നീതി നൽകണം എന്നാവശ്യപ്പെട്ട് വ‌ഞ്ചി സ്ക്വയറിൽ നടന്ന കൂട്ടായ്മയിൽ നിരവധി പേർ പങ്കെടുത്തു. ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിസ്റ്റർക്കെതിരായ ശിക്ഷാനടപടികൾ എല്ലാം പിൻവലിക്കണമെന്നാണ് കൂട്ടായ്മ ഉന്നയിക്കുന്ന പ്രധാന ആവശ്യം. കന്യാസ്ത്രീ മഠത്തിൽ ചേരുന്നതിനുള്ള പ്രായം 23 ആക്കി ഉയർത്തണം, ചർച്ച് ആക്ട് നടപ്പിലാക്കുക, സിസ്റ്ററെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച വൈദികർക്കെതിരെ നടപടിയെടുക്കണം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. 

കഴിഞ്ഞ സെപ്റ്റംബറിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ കൊച്ചിയിൽ കന്യാസ്ത്രീകൾ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തതുമുതലാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ സഭയുടെ കണ്ണിലെ കരടായത്. തുടർന്ന് ആഗസ്റ്റ് ഏഴിനാണ് ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിലെ ആലുവയിലെ സുപ്പീരിയർ ജനറലാണ് സിസ്റ്ററിനെ പുറത്താക്കിയതായി അറിയിച്ചു കത്ത് നൽകുകയായിരുന്നു. സഭ നിയമങ്ങൾക്ക് വിരുദ്ധമായി ജീവിച്ചതാണ് പുറത്താക്കാൻ കാരണമായി കത്തിൽ ചൂണ്ടി കാണിച്ചത്. സന്യാസവൃതം ലംഘിച്ചു, സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി വസ്ത്രം ധരിച്ചു, കാർ വാങ്ങി, ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയ കാര്യങ്ങളാണ് സഭ ചൂണ്ടിക്കാട്ടിയത്. നിരവധി തവണ വിശദീകരണം നൽകിയെങ്കിലും ഒന്നും തൃപ്തികരമല്ലെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. 

ഇതിന് പിന്നാലെ ആഗസ്റ്റ് മാസത്തിൽ വാർത്താശേഖരണവുമായി ബന്ധപ്പെട്ട് കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു മാനന്തവാടി രൂപത പിആർഒ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന ആരോപണവുമായി സിസ്റ്റർ ലൂസി രംഗത്തെത്തി. ഒരു വിഭാഗം വിശ്വാസികളും സിസ്റ്ററിന് പിന്തുണയുമായി എത്തി. എന്നാൽ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതിരുന്ന അന്വേഷണസംഘം മാസങ്ങൾക്കുള്ളിൽ കേസിലെ അന്വേഷണം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. ഇത്തരത്തിൽ തുടർച്ചയായി സഭയുടെ അനീതിക്കിരയാകുന്ന സിസ്റ്റർ ലൂസിക്കായി നമുക്കൊരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തിയാണ് വഞ്ചി സ്ക്വയറിലെ കൂട്ടായ്മ. 

 

Follow Us:
Download App:
  • android
  • ios