Asianet News MalayalamAsianet News Malayalam

'റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ!' പരിഹാസവുമായി മന്ത്രി ശിവന്‍കുട്ടി

ഗവർണറുടെ നാലാമത്തെ ഷോ എന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്

soda lime best at road minister v sivankutty indirectly mocks at governor arif mohammed khan protest SSM
Author
First Published Jan 27, 2024, 1:52 PM IST

തിരുവനന്തപുരം: രണ്ട് മണിക്കൂറോളം റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. 'റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ' എന്നാണ് ഗവർണറുടെ റോഡിലെ പ്രതിഷേധത്തിന് പിന്നാലെ മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്. കൂടെ സോഡാ നാരങ്ങയുടെ ചിത്രവും ചേർത്തിട്ടുണ്ട്. 

എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ഗവർണർ കാറില്‍ നിന്നിറങ്ങി റോഡരികില്‍ രണ്ട് മണിക്കൂറോളം കസേരയിട്ടിരുന്നത്. കൊല്ലം നിലമേലിൽ വെച്ചാണ് ​ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന് ​ഗവർണർ ചോദിച്ചു. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ​ഗവർണർ പരാതിപ്പെട്ടു.

പൊലീസിനോട് ​ഗവർണർ ക്ഷുഭിതനായി. പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്ന് ​ഗവർണർ പൊലീസിനെ ശകാരിച്ചു. അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ​ഗവർണർ വ്യക്തമാക്കി. പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് തിരിച്ചു.

ഗവർണറുടെ നാലാമത്തെ ഷോ എന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം. മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മനഃപൂർവം താനിരിക്കുന്ന പദവി പോലും നോക്കാതെയാണ് ഗവർണറുടെ നടപടി. കേരളത്തെ ഗവർണർ വെല്ലുവിളിക്കുകയാണ്. കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ ആണ് ഗവർണർ ഇന്ന് പറയുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. 

മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഗവർണർ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തിൽ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവർണറാണിത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുടെ പ്രതിഷേധത്തോട് പ്രതികരിച്ചില്ല. ​ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവർണറുടെ നടപടി അതിശയിപ്പിക്കുന്നതാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയാണോ പെരുമാറേണ്ടത്. അതിശയവും അത്ഭുതവും തോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios