തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ താന്‍ ബലിയാടാക്കപ്പെടുകയായിരുന്നെന്ന് ഉമ്മൻചാണ്ടിയുടെ മുൻ പിഎ  ടെനി ജോപ്പന്‍. കേസുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും ഒരിക്കല്‍ പുറത്തു വരുമെന്ന് ജോപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സോളാര്‍ കേസില്‍ അറസ്റ്റിലായി ഏഴു വര്‍ഷത്തിനു ശേഷമാണ് കേസിനെ പറ്റി ജോപ്പന്‍ ഒരു മാധ്യമത്തിനു മുന്നില്‍ മനസു തുറക്കുന്നത്.  കത്തിതീർന്നോ സോളാർ എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പതിറ്റാണ്ടുകളായി ഉമ്മൻചാണ്ടിയുടെ നിഴലായിരുന്നു ജോപ്പൻ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ കെഎസ്യു പ്രവര്‍ത്തകനായിരുന്ന ഈ കൊട്ടാരക്കരക്കാരൻ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായത് വളരെപ്പെട്ടെന്നാണ്. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും ജോപ്പനെ ഒഴിവാക്കി ഒരു ഉമ്മന്‍ചാണ്ടി ചിത്രം പോലും  ഉണ്ടാകില്ല.  2013 ലാണ് സോളാർ വിവാദം ചൂട് പിടിച്ചത്.  2013 ജൂണിൽ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ ഫോണ്‍കോള്‍ ലിസ്റ്റില്‍ ജോപ്പന്‍റെ നമ്പർ വന്നതോടെ വിവാദം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തി.  ജൂൺ 14ന് ജോപ്പനെ പേഴ്സനൽ സ്റ്റാഫിൽ നിന്നും മാറ്റി. ജനസമ്പര്‍ക്ക പരിപാടിക്ക് യുഎന്‍ പുരസ്കാരം വാങ്ങി അമേരിക്കയില്‍ നിന്ന്  തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഉമ്മന്‍ചാണ്ടിയെ കാത്തിരുന്നത് ജോപ്പന്‍റെ അറസ്റ്റായിരുന്നു.

സരിതയ്ക്ക് 40 ലക്ഷം രൂപ നല്‍കാന്‍ ജോപ്പന്‍ പ്രേരിപ്പിച്ചെന്ന കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍ നായരുടെ പരാതിയിലായിരുന്നു അറസ്റ്റ്.  65 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജോപ്പന് എന്തു സംഭവിച്ചുവെന്ന് പിന്നെയാരും അറിഞ്ഞില്ല. സോളാര്‍ കേസിനെ ഉമ്മന്‍ചാണ്ടിയുമായി ചേര്‍ത്തുവച്ചതില്‍ നിര്‍ണായക സ്ഥാനത്തു വന്ന ജോപ്പന്‍ ഇന്നെവിടെയാണ് എന്ന അന്വേഷണം ഞങ്ങളെയെത്തിച്ചത് കൊട്ടാരക്കര പുത്തൂരിലാണ്. പുത്തൂരിനടുത്ത് മനയ്ക്കരക്കാവിലെ കൊച്ചുബേക്കറിയിലാണ് ഇന്ന് ജോപ്പന്‍ ഉള്ളത്. ഒരു കാലത്ത് അധികാരത്തിന്‍റെ ഇടനാഴിയിലെ ശക്തികേന്ദ്രമായ ജോപ്പനിന്ന് ഈ കൊച്ചുകടമുറിയില്‍ ഉപജീവനത്തിനുളള വഴി തേടുകയാണ്.  ഏഴു വര്‍ഷക്കാലം മാധ്യമങ്ങളോട് ജോപ്പൻ ഒന്നും പ്രതികരിച്ചിരുന്നില്ല.

"ഇതൊക്കെ രാഷ്ട്രീയമാണ്. അതെനിക്ക് മനസിലായി. ആരെയെങ്കിലും ബലിയാടാക്കണമായിരുന്നു. അതെന്നെയാക്കി. സത്യമൊക്കെ എന്നെങ്കിലും പുറത്തുവരും," എന്നും ജോപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബലിയാടായെന്ന് പറയുമ്പോഴും ആർക്ക് വേണ്ടി ബലിയാടായെന്നോ ആരാണ് ബലിയാടാക്കിയതെന്നോ ജോപ്പൻ പറയുന്നില്ല. പിന്നീടൊരിക്കലും ഉമ്മൻചാണ്ടിയുമായി സംസാരിച്ചിട്ടില്ലെന്നും ഇനിയും വിവാദങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ജോപ്പൻ പറയുന്നു. സോളാർ സമരം നയിച്ച് അധികാരത്തിലെത്തിയ ഇടത് സർക്കാർ, കേസിൽ ഇതുവരെ ഒന്നും ചെയ്തില്ല. സോളാർ ആറിത്തണുത്തിരിക്കെയാണ് ജോപ്പൻറെ തുറന്ന് പറച്ചിൽ.