പിണറായി വിജയന്റെ നേതൃത്വത്തിൽ താനടക്കമുള്ളവര്‍ സമരമുഖത്തെത്തി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു

കൊല്ലം: സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താൻ ഭാഗമായിട്ടില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ലെന്നും തന്നെ ആരും ഇടനില നിൽക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമരം നടക്കുമ്പോൾ അത് അവസാനിപ്പിക്കാൻ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയിൽ എന്തെങ്കിലും കൊടുക്കൽ വാങ്ങൽ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും എൻകെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

താൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് ആര്‍എസ്‌പി പ്രതിനിധിയായി എകെജി സെന്ററിൽ യോഗത്തിന് പോകാൻ ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചത്. അവിടെയെത്തിയപ്പോഴേക്കും സമരം അവസാനിപ്പിക്കാനുള്ള തീരുമാനം മുന്നണി നേതൃത്വം എടുത്തിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാൻ എൽഡിഎഫ് നേതാക്കളുടെ മുറിയിൽ ടെലിവിഷൻ വച്ച് കാത്തു നിൽക്കുകയായിരുന്നു നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിൽ താനടക്കമുള്ളവര്‍ സമരമുഖത്തെത്തി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ജുഡീഷ്യൽ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്താനുള്ള ടേംസ് ഓഫ് റഫറൻസ് എൽഡിഎഫ് ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയത് താനാണെന്നും എൻകെ പ്രേമചന്ദ്രൻ കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ചാണ്ടിയുമായി സിപിഎം കൂടിയാലോചന നടത്തിയിട്ടുണ്ടാവും. എന്തെങ്കിലും കൊടുക്കൽ വാങ്ങൽ നടന്നിട്ടുണ്ടെങ്കിൽ അത് സമരത്തെ കുരുതി കൊടുക്കലാണ്. സമരം കൊണ്ട് രാഷ്ട്രീയമായ നേട്ടം സിപിഎമ്മിന് ഉണ്ടായെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചവര്‍ക്ക് രക്തസാക്ഷി സ്മാരകം നിര്‍മ്മിച്ച സിപിഎം നടപടിയെയും വിമര്‍ശിച്ചു. ഇതെല്ലാം സിപിഎമ്മിന് ജീവൻ രക്ഷാ പ്രവർത്തനമാണെന്നും അക്രമ രാഷ്രീയത്തിന് പിന്നിൽ ആരാണെന്നു വേറെ തെളിവ് വേണ്ടല്ലോയെന്നും പറഞ്ഞു. വടകര തിരഞ്ഞെടുപ്പ് ഫലത്തിൽ ഇതല്ലാം പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്