തറവാടക വര്‍ധിപ്പിക്കാതെ തൽസ്ഥിതി തുടരാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതിൽ സന്തോഷമുണ്ടെന്നും പൂരം മികച്ച രീതിയിൽ നടത്താനാണ് തീരുമാനമെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പറഞ്ഞു


തൃശൂർ പൂരം പ്രതി സന്ധി പരിഹരിച്ചു. എക്സിബിഷൻ ഗ്രൗണ്ടിന്‍റെ വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചതോടെയാണ് ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധി തീർന്നത്. തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിന്‍റെ തറവാടക തർക്കം രാഷ്ട്രീയ പ്രതിസന്ധിയായി തിരിച്ചടിക്കും എന്ന് തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രി തന്നെ യോഗം വിളിച്ച് വിട്ടുവീഴ്ചയ്ക്ക് തയാറായത്. രണ്ടു കോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ നിലപാട് തളളിയാണ് കഴിഞ്ഞ വർഷം നൽകിയ തുക ഇക്കൊല്ലവും നൽകിയാൽ മതിയെന്ന തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്. തുക സംബന്ധിച്ച തർക്കത്തിൽ ഇക്കൊല്ലത്തെ പൂരം കഴിഞ്ഞ ശേഷം ചർച്ച തുടരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും തൃശൂർ ജില്ലയിലെ മന്ത്രിമാരും കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദേവസ്വങ്ങൾ നന്ദി അറിയിച്ചു.

 ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെത്തുടർന്നാണ് ജി എസ് ടി യടക്കം 42 ലക്ഷമായിരുന്ന തറവാടക 2.20 കോടിയായി ഉയർത്താൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. കോൺഗ്രസും ബി ജെ പി യും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തിയിരുന്നു. ബുധനാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ വിഷയം അവതരിപ്പിക്കാനുള്ള പാറമേക്കാവിന്‍റെ നീക്കമാണ് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയത്. ചൊവ്വാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ പകൽപ്പൂരം കോൺഗ്രസും പ്രഖ്യാപിച്ചു. ബി ജെ പി ക്കും കോൺഗ്രസിനും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പൂരപ്രതിസന്ധി മാറുമെന്നായപ്പോഴാണ് മുഖ്യമന്ത്രി ചർച്ച വിളിച്ചതും പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള തീരുമാനമെടുത്തതും. തീരുമാനം ബുധനാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും.

പൂരം പ്രതിസന്ധി: മുഖ്യമന്ത്രി യോഗം വിളിച്ചു; തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Lok Sabha Election 2024 | Malayalam News Live #asianetnews