ഇക്കാര്യത്തിൽ ഇതുവകെ ഒന്നും ആലോചിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നത്.

തിരുവനന്തപുരം: പല വിഷയങ്ങളിലും പാർട്ടിയോട് ഉരസി നിൽക്കുന്ന ശശി തരൂരിനോട് പാർട്ടി വിശദീകരണം തേടണമെന്ന ആവശ്യവുമായി കോൺഗ്രസിൽ ഒരു വിഭാഗം. അടുത്ത പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ഇക്കാര്യത്തിൽ നടപടി വേണം എന്നാണ് ഇവരുടെ അഭിപ്രായം. പാർലമെന്ററി പാർട്ടി യോഗത്തിൽ തരൂരിനെ വിമർശിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവകെ ഒന്നും ആലോചിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നത്.

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന ശശി തരൂരിന്റെ ലേഖനത്തിൽ ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു.

രണ്ട് ദിവസം മുമ്പാണ് കേരളത്തിൽ അടുത്ത മുഖ്യമന്ത്രിയാവണമെന്ന മോഹം വെളിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റ് ശശി തരൂരിൽ നിന്ന് പുറത്തുവന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേഫലം സമൂഹമാധ്യമത്തില്‍ തരൂര്‍ പങ്ക് വച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോഴാണ് ശശി തരൂരിന്‍റെ ഈ പൂഴിക്കടകന്‍ എന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 28.3 ശതമാനം പേര്‍ ശശി തരൂര്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗഹിക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്.

ഓപ്പറേഷന്‍ സിന്ധൂര്‍ ദൗത്യത്തിലടക്കം ഹൈക്കമാന്‍ഡമായി കടുത്ത ഉരസലില്‍ കഴിയുന്നതിനിടെയാണ് തരൂരിന്‍റെ പുതിയ നീക്കങ്ങൾ. മുഖ്യമന്ത്രി പദം ഉന്നമിടുന്നുവെന്ന അഭ്യൂഹം ശക്തമാക്കി സമുദായ നേതാക്കളെയടക്കം സന്ദര്‍ശിച്ച് രണ്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ തരൂര്‍ നടത്തിയ നീക്കം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു.