മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി കരികുളം പഴവങ്ങാടിയിലാണ് സംഭവം

പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി കരികുളം പഴവങ്ങാടിയിലാണ് സംഭവം. അമ്മയുടെ വിരൽ മകൻ തല്ലി ഒടിച്ചു. സംഭവത്തിൽ ജോബി ജേക്കബ് ജോർജ് (43) ആണ് റാന്നി പോലീസിന്‍റെ പിടിയിലായി. മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ പേരിൽ ഇയാൾ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കമ്പുകൊണ്ട് വിരൽ അടിച്ചൊടിക്കുകയുമായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2. 30 ഓടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ജോബി മദ്യപിക്കുന്നതിനായി പണം നൽകാത്തതിന് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മുൻപും ഇയാൾ അമ്മയെ ഉപദ്രവിച്ചതിന് പോലീസിന് പരാതികൾ ലഭിച്ചിരുന്നു.

സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കാറായിരുന്നു പതിവ്. എന്നാൽ ഞായറാഴ്ച ഇയാൾ അമ്മയെ പശുത്തൊഴുത്തിൽ നിന്നും വലിച്ച് പുറത്തിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. കമ്പുകൊണ്ട് അടിച്ച വിരലിന് പൊട്ടലും ഉണ്ടായിട്ടുണ്ട്. കേസെടുത്ത റാന്നി പോലീസ് സബ് ഇൻസ്പെക്ടർ സിബി എസിന്‍റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ നിതിൻ , അസീബ് അസീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.