കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ എംപിമാർക്ക് ഉറപ്പുനൽകി. അതേസമയം, എയിംസ് തൃശൂരിൽ വേണമെന്നും പിന്നീട് ആലപ്പുഴയെ അനുകൂലിച്ചും കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. കേരളത്തിലെ എംപിമാരോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നദ്ദ വിളിച്ച എംപിമാരുടെ യോഗത്തിൽ കെ.സി. വേണുഗോപാൽ വിഷയം ഉന്നയിച്ചു. കേരളത്തിൻറെ ദീർഘകാല ആവശ്യം അംഗീകരിക്കണമെന്ന് എംപിമാർ ജെപി നദ്ദയോട് ആവശ്യപ്പെട്ടു. അതേസമയം, എഫ്സിആർഎ ബിൽ പാർലമെന്റിന്റെ നാളത്തെ അജണ്ടയിലുമില്ല. ജെപിസിക്കു വിടാനുള്ള ശുപാർശയും ഉൾപ്പെടുത്തിയില്ല. ഇതോടെ ബിൽ ഈ സമ്മേളനത്തിൽ വരാനുള്ള സാധ്യത മങ്ങി.
എയിംസ് തൃശൂരിൽ വേണമെന്ന് സുരേഷ് ഗോപി എംപി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ എയിംസ് വരും. എയിംസിൽ ഉചിതമായ രാഷ്ട്രീയം ഉണ്ടാകും. എയിംസിന് വേണ്ടിയുള്ള നടപടി സംസ്ഥാന സർക്കാർ പൂർത്തിയാക്കി കേന്ദ്രത്തിനു നൽകിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തു വരുന്ന സ്ഥലമാണ് വേണ്ടത്. 10 സ്ഥലങ്ങൾ തരാം എന്നാണ് ഒടുവിൽ കെ മുരളീധരൻ പറഞ്ഞത്. കേരളത്തോട് ചേർന്ന് കിടക്കുന്ന അതിർത്തി മേഖലകൾക്ക് കൂടി മെച്ചം ലഭിക്കണം. ആളുകൾക്ക് വേഗത്തിൽ എത്തിപ്പെടാൻ കഴിയണം. ആലപ്പുഴയിൽ വേണമെന്ന് താൻ അഭിപ്രായപ്പെട്ടതിൽ പ്രാദേശികവാദം ഇല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആലപ്പുഴ എല്ലാംകൊണ്ടും കൂപ്പു കുത്തി നിൽക്കുന്ന ഇടമായി. മെഡിക്കൽ കോളജിന്റെ അവസ്ഥ പോലും ശോചനീയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ദില്ലിയിൽ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് പരാമർശം.
