മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഇളയ മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മകൻ അനിൽകുമാറിനെ വീട്ടിൽ നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അനിൽകുമാറിനെ പോലീസും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. രാവിലെ എട്ടരയോടെ ആയിരുന്നു കൊലപാതകം. കുടുംബ വഴക്കിനൊടുവിൽ അച്ഛൻ കൃഷ്ണൻകുട്ടിയെ അനിൽകുമാർ മാരകമായി വെട്ടി. തടസ്സം പിടിക്കാൻ ചെന്ന അമ്മ ശാരദയെയും ആക്രമിച്ചു. ഇരുവരും തൽക്ഷണം മരിച്ചു. ഇളയ മകനായ അനിൽകുമാർ വിവാഹമോചിതനാണ്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ അച്ഛനും അമ്മയും ഏറെ കാലമായി വാടകവീട്ടിൽ ആയിരുന്നു താമസം. ഇക്കഴിഞ്ഞ ദിവസമാണ് മകൻ തന്നെ ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പ്രതി അനിൽകുമാറിന് ചില മാനസിക പ്രയാസങ്ങൾ ഉള്ളതായും പോലീസ് പറയുന്നു.
ആലുവ കുട്ടിയുടെ കൊലപാതകം: കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
