കണ്ണൂർ: ചെറുപുഴയിൽ കെട്ടിടത്തിന് മുകളിൽ കരാറുകാരൻ മുതുപാറക്കുന്നേല്‍ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റിന് ജോസഫിന്‍റെ മകന്‍റെ കത്ത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് ജോസഫിന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നതാണ് വിദ്യാർത്ഥിയായ ഡെൻസ് എന്ന അപ്പുക്കുട്ടന്‍റെ കത്ത്. ലീഡർ കെ കരുണാകരൻ സ്മാരക ട്രസ്റ്റ് കെട്ടിടത്തിന്‍റെ കരാറുകാരനായിരുന്നു ജോയ് എന്ന ജോസഫ്. 

നല്ല കോൺഗ്രസുകാരനായിരുന്ന അച്ഛനെ കോൺഗ്രസുകാർ തന്നെ ചതിച്ച് ഇല്ലാതാക്കിയത് എന്തിനെന്ന് ചോദിക്കുന്ന കത്തിൽ അമ്മയുടെയും തന്റെയും കണ്ണീര് കണ്ട്, നീതിക്കായി ഇടപെടണമെന്ന് ഡെൻസ് ആവശ്യപ്പെടുന്നു. അതേസമയം, ജോസഫിന് ലഭിക്കാനുള്ള തുക ലഭ്യമാക്കാൻ അനുനയ ചർച്ചകളും കോൺഗ്രസ് തുടങ്ങിയിട്ടുണ്ട്.

ഡെൻസിന്‍റെ കത്ത്:

ജോസഫിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ നാരായണന്‍, കെപി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍. 

ജോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകൾ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകൾ കാണാനില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്നും കുടുംബം നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്.

സംഭവദിവസം രാത്രി 3.30 വരെ പൂർണമായി തെരച്ചിൽ നടത്തിയ അതേ കെട്ടിടത്തിൽ തന്നെ മൃതദേഹം കണ്ടതിൽ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നുവച്ചതാകമെന്ന സംശയവും കുടുംബം ഉയർത്തി. 

രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയിൽ കാണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. നൽകാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോൾ എല്ലാ കോൺ​ഗ്രസ് നേതാക്കളും ഒഴിവുകഴിവുകൾ പറഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു.