അച്ഛനെതിരായ സുധാകരന്‍റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ജോബി പറഞ്ഞത്. 

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ സുധാകരന്‍ പരാമര്‍ശിച്ച ഫ്രാന്‍സിസിന്‍റെ മകന്‍ ജോബി, സുധാകരനെ കാണാന്‍ കണ്ണൂരിലെത്തി. അച്ഛന്‍റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി പറഞ്ഞു. സുധാകരന് അച്ഛനുമായുണ്ടായിരുന്നത് ആത്മബന്ധം. നിയമനടപടിക്കില്ലെന്നും സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജോബി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ക്യാമ്പസില്‍ വച്ച് ഫ്രാന്‍സിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്‍റെ വിവാദ പരാമര്‍ശം. സുധാകരന്‍റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ജോബി പറഞ്ഞത്. മൈക്ക് കൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നും അന്ന് ജോബി വിശദീകരിച്ചിരുന്നു.

അച്ഛന്‍ ഫ്രാന്‍സിസിന് പിണറായി വിജയനുമായി പില്‍ക്കാലത്തും സൌഹൃദമുണ്ടായിരുന്നു. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിളിപ്പേര് പോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ജോബി പറഞ്ഞിരുന്നു.