താമരശ്ശേരി: കൂടത്തായി കൂട്ടക്കൊല കേസില്‍ ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി സിലി-ഷാജി ദമ്പതികളുടെ മകന്‍. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി. ഒരു ബന്ധുവിന്‍റെ വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയെന്നാണ് ജോളി നേരത്തെ മൊഴി നൽകിയിരുന്നത്.

എന്നാലിത് കളവാണെന്നും ഹാളിൽ നിന്നല്ല ജോളിയുടെ വീട്ടിൽ നിന്ന് തന്നെയാണ് അമ്മ ഏറ്റവും ഒടുവിൽ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകൻ മൊഴി നൽകി. സിലിയെ കൊല്ലാനായി മണിക്കൂറുകൾക്കുള്ളിൽ ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലർത്തിയത്.