Asianet News MalayalamAsianet News Malayalam

'ഈ അച്ഛന്റെ മകനായി പിറന്നതാണ്‌ എന്റെ ഏറ്റവും വലിയ ഭാഗ്യം'; രമേശ് ചെന്നിത്തലക്ക് പിറന്നാളാശംസകളുമായി മകൻ

"ജീവിതത്തിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കി എടുക്കണം. സ്വന്തം വഴി നീ തന്നെ വെട്ടിയുണ്ടാക്കണം." എന്റെ മനസിൽ ചില്ലിട്ടു വച്ചിരിക്കുകയാണ് ഈ വാക്കുകൾ. 

Son Ramit wishes Ramesh Chennithala a happy birthday
Author
Trivandrum, First Published May 26, 2021, 9:21 AM IST

തിരുവനന്തപുരം: മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് പിറന്നാളാശംസകൾ നേർന്ന് മകൻ രമിത്ത് ചെന്നിത്തല. ഫേസ്ബുക്ക് കുറിപ്പിലാണ് അച്ഛനുമൊത്തുള്ള പിറന്നാൾ ദിനങ്ങളുടെ ഹൃദ്യമായ ഓർമ്മ രമിത്ത് പങ്കുവച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അല്ലാതായതോടെ ഇന്നോവയും പോലീസും എസ്‌ക്കോർട്ടും ആ നിമിഷം തന്നെ അദ്ദേഹം വേണ്ടെന്നു വച്ചെന്നും തന്റെ ചെറിയ ബ്രിയോ കാറിലാണ് സത്യപ്രതിജ്ഞക്കായി നിയമസഭയിലേക്ക് അദ്ദേഹം പോയതെന്നും രമിത് കുറിപ്പിൽ വ്യക്തമാക്കുന്നു.

Son Ramit wishes Ramesh Chennithala a happy birthday

"ജീവിതത്തിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കി എടുക്കണം. സ്വന്തം വഴി നീ തന്നെ വെട്ടിയുണ്ടാക്കണം." എന്റെ മനസിൽ ചില്ലിട്ടു വച്ചിരിക്കുകയാണ് ഈ വാക്കുകൾ. രമിത്തിന്റെ കുറിപ്പിലെ വരികളാണിത്. അച്ഛന് നൂറ് പിറന്നാളുമ്മകൾ നേർന്നാണ് രമിത് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കുട്ടിക്കാലം മുതൽക്കുള്ള എന്റെ ഓർമ തുടങ്ങുന്നത് ഡൽഹിയിൽ ആണ്. സ്കൂൾ ആരംഭിക്കുന്നത് പുലർച്ചെ ഏഴ് മണിക്കാണ്. ആറര ആകുമ്പോൾ ഉണ്ണിചേട്ടനും ഞാനും സ്‌കൂളിലേക്ക് പുറപ്പെടും. പാർലമെന്റിലെ ചർച്ചകളും മീറ്റിങ്ങുകളും കഴിഞ്ഞു ഉറങ്ങുന്ന അച്ഛനെ കണ്ടാണ് സ്കൂളിൽ പോകുന്നത്. സ്കൂൾ വിട്ടു ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തുമ്പോൾ അച്ഛൻ പാർലമെന്റിൽ പോയിരിക്കും. അവധി ദിനങ്ങളിലും വീട്ടിൽ ചെലവഴിക്കാൻ തിരക്ക് അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. പാർക്കിലോ സിനിമയ്ക്കോ പോകാൻ  അച്ഛൻ ഞങ്ങളുടെ ഒപ്പം ഉണ്ടായിട്ടില്ല എന്ന് 
ഞാൻ പറയുന്നില്ല. പരമാവധി സമയം ഞങ്ങളോടൊപ്പം ചിലവഴിക്കാൻ അദ്ദേഹം തയാറായിട്ടുണ്ട്. അച്ഛന്റെ തിരക്കിനോട് ഒത്തു ചേർന്നാണ് ഞങ്ങളുടെ ജീവിതം ഒഴുകി കൊണ്ടിരുന്നത്.

എന്റെ ഏക നിർബന്ധം എല്ലാ ബർത്ത്ഡേയ്ക്കും അച്ഛൻ ഉണ്ടാകണം എന്നതായിരുന്നു. കേക്ക് മുറിക്കാനും കൂട്ടുകാർക്ക് മധുരം നൽകാനുമൊക്കെ അച്ഛന്റെ സാന്നിധ്യം ഏറെ ഇഷ്ടപ്പെട്ടിരുന്നു. പതിനൊന്നാമത്തെ പിറന്നാൾ ഒരിയ്ക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട്ടിൽ നിന്ന് ബർത്ത് ഡേ ദിവസം അച്ഛൻ വിളിച്ചു സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തെങ്കിലും നേരിട്ട് കാണാൻ കഴിയാതിരുന്നത് എനിക്ക് വലിയ സങ്കടമായി.

പിന്നീട് കുറേ ദിവസം കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോൾ കോളിങ് ബെൽ മുഴങ്ങുന്നു. വാതിൽ തുറന്നപ്പോൾ പെട്ടിയും തൂക്കി അച്ഛൻ. "ഓർമ്മയുണ്ടോ ഈ മുഖം "എന്ന് ഞാൻ ചോദിച്ചു. ഭരത് ചന്ദ്രൻ ഐ.പി.എസ്‌ ആയി സ്വയം മാറി സുരേഷ് ഗോപിയെ പോലെ വാതിൽ പാതി തുറന്നു ഞാൻ നിന്നു. ചിരിച്ചു കെട്ടിപ്പിടിച്ചെങ്കിലും അച്ഛന്റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഉണ്ടായെന്നു കാലം കഴിഞ്ഞപ്പോൾ തിരിച്ചറിഞ്ഞു. എല്ലാ തിരക്കുകളും മാറ്റി വച്ച് അച്ഛൻ ഞങ്ങളോടൊപ്പം അന്ന് മുഴുവൻ ചെലവഴിച്ചു. വീണ്ടും കേക്ക് ഓർഡർ ചെയ്തു. അമ്മ പിറന്നാൾ സദ്യ ഒരുക്കി. കൂട്ടുകാരെ വീട്ടിൽ ക്ഷണിച്ചു ചോക്ലേറ്റ് നൽകി. അങ്ങനെ പതിനൊന്നാം വയസിൽ രണ്ട് പിറന്നാൾ ആഘോഷിച്ചു.

ഏറ്റവും ഉയർന്ന മാർക്കിനോ ഒന്നാം സ്ഥാനത്തിനോ വേണ്ടി പഠിക്കാൻ ഒരിക്കലും അച്ഛൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും പത്താം ക്ലാസ് പരീക്ഷയിൽ മാത്തമാറ്റിക്സിനു നൂറിൽ 99 മാർക്ക് വാങ്ങിയത് ഏറെ സന്തോഷമായി. എന്നെ ചേർത്തു നിർത്തിയ ശേഷം തലമുടിയിൽ തഴുകികൊണ്ട് പറഞ്ഞു- "ജീവിതത്തിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കി എടുക്കണം. സ്വന്തം വഴി നീ തന്നെ വെട്ടിയുണ്ടാക്കണം."
എന്റെ മനസിൽ ചില്ലിട്ടു വച്ചിരിക്കുകയാണ് ഈ വാക്കുകൾ.

ഒരു പഞ്ചായത്ത്‌ അംഗം പോലും ആകാൻ കഴിയാത്ത ലക്ഷക്കണക്കിന് കോൺഗ്രസ്പ്രവർത്തകരുടെ വിയർപ്പാണ് പദവികൾ. സാധാരണ ജനത്തിന്റെ ജീവിതം മെച്ചപ്പെടുത്താനാണ് ഇതെല്ലാം ഉപയോഗിക്കേണ്ടത് അല്ലാതെ സ്വന്തം ജീവിതത്തിന്റെ നേട്ടത്തിനു വേണ്ടിയല്ല എന്ന തത്വശാസ്ത്രമാണ് അദ്ദേഹത്തെ നയിക്കുന്നത്. പ്രതിപക്ഷ നേതാവ് അല്ലാതായതോടെ ഇന്നോവയും പോലീസും എസ്‌ക്കോർട്ടും ആ നിമിഷം തന്നെ അദ്ദേഹം വേണ്ടെന്നു വച്ചു.

എന്റെ ചെറിയ ബ്രിയോ കാറിലാണ് അച്ഛൻ ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് നിയമസഭയിലേക്ക് പോയത്. പദവി ഉള്ളതും ഇല്ലാത്തതും അച്ഛനെ ബാധിക്കുന്നതേയില്ല. കെ.എസ്‌.യു പ്രവർത്തകനായിരിക്കെ പല സ്ഥലങ്ങളിലും യോഗത്തിന് പോകുമ്പോൾ ഭക്ഷണത്തിനോ ബസ് കൂലിക്കോ കാശ് തികയാത്തതും പത്രതാൾ വിരിച്ചു കിടന്ന കഥയൊക്കെ പങ്ക് വയ്ക്കും. കുറേ നാൾ മനോരമയിലും മാതൃഭൂമിയിലും കിടന്നന്നുറങ്ങി എന്ന് അച്ഛൻ തമാശ പൊട്ടിക്കും. ഇതൊന്നും തമാശയല്ലെന്നും ഒരു പൊതുപ്രവർത്തകൻ പിന്നിട്ട വഴികളെ കുറിച്ച് ഞങ്ങളെ ഓർമപ്പെടുത്തുകയാണെന്നും മുതിർന്നപ്പോൾ മനസിലായി.

ഈ അച്ഛന്റെ മകനായി പിറന്നതാണ്‌ എന്റെ ഏറ്റവും വലിയ ഭാഗ്യം... പ്രിയപ്പെട്ട അച്ഛന്, കേരളത്തിന്റെ രമേശ്‌ ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ...നൂറ് പിറന്നാളുമ്മകൾ

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios