ഇതിനകം കോർപ്പറേഷൻ ചെലവിട്ടത് രണ്ടര കോടിയോളം രൂപ.കരാർ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് കമ്പനി കത്ത് നൽകി
കോഴിക്കോട്: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന്‍റെ പേരില്‍ വിവാദത്തിലായ സോണ്ട ഇൻഫ്രാടെകിന് കോഴിക്കോട്ടും പാളി. ഞെളിയൻ പറമ്പിലെ വേസ്റ്റ് ടു എനർജി പദ്ധതി നാല് വർഷം ആയിട്ടും നടപ്പായില്ല.ഇതിനകം കോർപ്പറേഷൻ ചെലവിട്ടത് രണ്ടര കോടിയോളം രൂപയാണ്.കരാർ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് കമ്പനി കത്ത് നൽകി.കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.അതിനിടെ സൊണ്ടയെ ന്യായീകരിച്ച് കോർപ്പറേഷൻ രംഗത്തെത്തി.സ്വാഭാവിക കാലതാമസം മാത്രമാണെന്നാണ് വിശദീകരണം.

ബയോംമൈനിംഗിൽ മുൻപരിചയമില്ലാതെയാണ് സോണ്‍ട ഇൻഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാർ ഏറ്റെടുത്തത്.ബ്രഹ്മപുരത്തെ പ്രവർത്തനം തുടങ്ങിയ ശേഷവും കമ്പനിയുടെ പ്രവർത്തികളിൽ പരാതികൾ ഉയർന്നിരുന്നു.ഏറ്റവുമൊടുവിൽ ജനുവരിയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലും ശരിയായ രീതിയിലല്ല ബയോമൈനിംഗ് എന്ന് കണ്ടെത്തിയിരുന്നു.പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിലല്ല.മെഷീനുകൾ ഉപയോഗിച്ച് തരംതിരിച്ചവയിൽ മണ്ണും കല്ലും മരകഷണങ്ങളും ഉൾപ്പെട്ട മാലിന്യങ്ങളിൽ വീണ്ടും പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തൽ.അതായത് ബയോമൈനിംഗ് ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വ്യക്തം.തരംതിരിച്ച പ്ലാസ്റ്റിക്ക് ഇന്ധനമാക്കാൻ മാറ്റണമെന്നിരിക്കെ അതും കെട്ടി കൂട്ടി മാലിന്യ പ്ലാന്‍റിൽ തന്നെ തള്ളി.തീപിടുത്തമുണ്ടായപ്പോൾ ഇതു കൂടി കത്തിയുരുകിയതും വിഷപുകയുടെ അളവ് കൂട്ടി.മഴയും ബ്രഹ്മപുരത്തെ മണ്ണിന്‍റെ ഘടനയും ശരിയായ രീതിയിലുള്ള ബയോമൈനിംഗിന് തടസമായിട്ടുണ്ടെന്നാണ് സോണ്ട ഇൻഫ്രാടെക്കിന്‍റെ മറുപടി.
ബ്രഹ്മപുരത്തെ പുകയണഞ്ഞാലും അഴിമതിയുടെ പുക ചുരുളുകൾ പെട്ടെന്ന് മറയുന്നതല്ല.ഒന്നും രണ്ടുമല്ല 54കോടിയുടെ കരാറിനെ കുറിച്ച് ഉയരുന്ന ഓരോ ആക്ഷേപങ്ങളിലും കൊച്ചിക്കാരുടെ ശുദ്ധവായുവിന്‍റെ വിലയുണ്ട്.
