ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പൻ്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി സതീശൻ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

ദില്ലി: സോണിയ ഗാന്ധിയുമായി (Sonia Gandhi) രമേശ് ചെന്നിത്തല (Ramesh Chennithala) നാളെ കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോൺഗ്രസിൽ തനിക്കെതിരെ നടക്കുന്ന നീക്കം ചെന്നിത്തല സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പൻ്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി സതീശൻ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

  • 'പോഷക സംഘടനയായി ഐഎൻടിയുസിയെ കണക്കാക്കിയിട്ടില്ല'; കാര്യങ്ങളിൽ നിയന്ത്രണമില്ലന്ന് കെ വി തോമസ്

കൊച്ചി: വി ഡി സതീശന്‍ ( V D Satheesan) - ഐഎന്‍ടിയുസി (INTUC) പോര് കനക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന് നേതാവ് കെ വി തോമസ്. ഐഎൻടിയുസിയും കോൺഗ്രസും തമ്മിൽ പൊക്കിൾകൊടി ബന്ധമാണുള്ളതെന്നും ഐഎൻടിയുസി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ഐഎൻടിയുസിയെ നയിക്കുന്ന നേതാക്കളിൽ ഭൂരിപക്ഷവും കോൺഗ്രസ് നേതാക്കളുമാണ്.

എന്നാൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പോലെയുള്ള കോൺഗ്രസിന്‍റെ പോഷക സംഘടനയായി ഐഎൻടിയുസിയെ ഇതുവരെ കണക്കാക്കിയിട്ടില്ല. കോൺഗ്രസിന് ഐഎൻടിയുസിയുടെ കാര്യങ്ങളിൽ നിയന്ത്രണവുമില്ല. വളരെക്കാലം കേന്ദ്ര മന്ത്രിയും ഐഎൻടിയുസിയുടെ അഖിലേന്ത്യ ട്രഷററും സംസ്ഥാന പ്രസിഡന്‍റുമായിരുന്ന സി എം സ്റ്റീഫൻ, കോൺഗ്രസ് - ഐഎൻടിയുസി ബന്ധത്തെ അമ്മയും കുഞ്ഞും തമ്മിലുളള പൊക്കിൾ കൊടി ബന്ധമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും ഐഎൻടിയുസി മറ്റ് ജനാധിപത്യ സംഘടനകളുമായി കൈകോർത്ത് സമരം ചെയ്തിട്ടുണ്ട്. കൊച്ചിൻ ഷിപ്പ്യാർഡ്, എഫ്എസിടി തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളിൽ സഹോദര ജനാധിപത്യ സംഘടനകളുടെ കൊടി കൂട്ടി കെട്ടി സമരം നടത്തിയ പാരമ്പര്യവും ഉണ്ട്. ഐഎൻടിയുസിയുടെ ദേശീയ സമ്മേളനത്തിൽ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളും പങ്കെടുത്തിട്ടുണ്ട്.

തൊഴിലാളികളുടെ സമരം വരുമ്പോൾ അക്രമം ഒഴിവാക്കി ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒന്നിച്ചാണ് മുന്നേറേണ്ടതെന്നും കെ വി തോമസ് വ്യക്തമാക്കി. . ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ദേശീയ പണിമുടക്കിന് പിന്നാലെയാണ് സതീശനും ഐഎന്‍ടിയുസിയും തമ്മിലുള്ള പോര് കനത്തത്. പ്രതിപക്ഷനേതാവിനെതിരെ ഐഎൻടിയുസി ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരായ വാദങ്ങളെ തള്ളിയ ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതിയംഗം പിപി തോമസ്, പ്രകടനത്തിന് പിന്നിൽ മറ്റാരുമില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

ഞങ്ങൾ പ്രകടിപ്പിച്ചത് തൊഴിലാളികളുടെ വികാരമാണ്. അതിനാൽ അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. തെരഞ്ഞെടുപ്പിൽ 150 വോട്ട് തികച്ച് കിട്ടാത്തവരാണ് കെപിസിസി ജനറൽ സെക്രട്ടറിയായി ഇരിക്കുന്നതെന്നും തോമസ് പരിഹസിച്ചു. പ്രതിഷേധിച്ചവർക്കെതിരെ കുത്തിത്തിരിപ്പ് ആരോപണം ഉയർത്തിയ പ്രതിപക്ഷ നേതാവിനെ തള്ളിയ പിപി തോമസ് സതീശനൊപ്പമാണ് കുത്തിത്തിരിപ്പുകാരുളളതെന്നും തിരിച്ചടിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി കാണാൻ വിളിച്ചിരുന്നുവെന്നും തോമസ് വെളിപ്പെടുത്തി. സ്ഥലത്തില്ലാതിരുന്നതിനാൽ തനിക്ക് കാണാൻ പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അറിയിച്ചു.