കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റിൻ്റെ പേരിൽ സ്വ‍ർണ കടത്താൻ ശ്രമിച്ച കേസിൽ സ്വപ്ന സുരേഷിൻ്റെ സുഹൃത്തിൻ്റെ ഭാര്യ കസ്റ്റഡിയിൽ. സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ തിരുവനന്തപുരം അരുവിക്കരയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്യല്ലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു.

സന്ദീപ് നായ‍ർ രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും പോയതാണെന്നും അതിനു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് സൗമ്യ കസ്റ്റംസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. 2019 ഡ‍ിസംബറിൽ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാ‍ർബൺ ഡോക്ടർ എന്ന സ്ഥാപനം സ്പീക്ക‍ർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും നയതന്ത്ര ഉദ്യാഗസ്ഥ എന്ന നിലയിലുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്പീക്കർ ശ്രീരാമാകൃഷ്ണന്റെ വിശദീകരണം . അതേ സമയം സ്ഥാപനത്തിൻറെ ഉടമ ഒളിവിലായതോടെ ഇത് സംബന്ധിച്ച ദുരൂഹത ഏറുകയാണ്.


സ്വപ്ന സുരേഷ് സ്പീക്കർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതിൻ്റേയും, സൗഹൃദ അഭിവാദ്യം ചെയ്യുന്നതിൻ്റേയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കാറുകളുടെ എഞ്ചിനിലെ കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമ രേഖകൾ പ്രകാരം നെടുമങ്ങാട് സ്വദേശിയായ സന്ദീപ് നായരാണ്. 

സ്ഥാപനത്തിൻറെ ഉടമയല്ലാത്ത സ്വപ്ന ,ഉദ്ഘാടന ചടങ്ങിന് സ്പീക്കറെ ക്ഷണിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണമില്ല. സ്വ‍ർണക്കടത്ത് കേസ് വന്ന ശേഷം സന്ദീപ്  നായർ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോൺ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാർക്കോ, കുടുംബാംഗങ്ങൾക്കോ അറിവില്ല. ഇതോടെ സന്ദീപിന് സ്വപ്നയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന സംശയം ശക്തമാവുകയാണ്. പോലീസും കസ്റ്റംസും ഇതു സംബന്ധിച്ച അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.