ഇടുക്കി: ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് വിട ചൊല്ലി ജന്മനാട്. ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിൽ സൗമ്യയുടെ സംസ്കാരം നടന്നു. ഇസ്രായേലി ജനതയ്ക്ക് സൗമ്യ മാലാഖയാണെന്നും, കുടുംബത്തിന് ആവശ്യമായതെല്ലാം തങ്ങളുടെ സർക്കാർ ചെയ്യുമെന്നും ഇസ്രായേൽ കോൺസൽ ജനറൽ അന്തിമോപചാരം അർപ്പിച്ച് പറഞ്ഞു.

പ്രിയപ്പെട്ടവളുടെ വിയോഗത്തിൽ തേങ്ങുകയാണ് കീരിത്തോട് . സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേരാണ് എത്തിയത്. ഇസ്രയേൽ സർക്കാരിനായി കോൺസൽ ജനറൽ ജോനാഥൻ സെഡ്കയും അന്തിമോപചാരം അർപ്പിച്ചു. ഇന്ത്യയുടേയും ഇസ്രയേലിന്റെയും പതാകയടങ്ങിയ ബാഡ്ജ് സൗമ്യയുടെ മകൻ അഡോണിനെ അണിയിച്ച് കുടുംബത്തെ ചേർത്തുപിടിക്കുമെന്ന സന്ദേശമാണ് കോൺസൽ ജനറൽ നൽകിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇടുക്കി കളക്ടർ എച്ച് ദിനേശൻ അന്തിമോപചാരം അർപ്പിച്ചു. വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിലെത്തിച്ച മൃതദേഹം മൂന്നരയോടെ സംസ്കരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രയേലിൽ കെയർ ടെയ്ക്കറായി ജോലി ചെയ്യുകയായിരുന്ന സൗമ്യ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona