കഴിഞ്ഞ ദിവസം ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. 

കൊച്ചി: ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്‍റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇടുക്കി എം പി ഡീൻ കുര്യാക്കോസും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. അല്പസമയത്തിനകം മൃതദേഹം സ്വദേശമായ കീരിത്തോടേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. 

ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona