മാവേലിക്കര: സൗമ്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കാന്‍ തീരുമാനിച്ചിരുന്നെന്നാണ് അജാസ്‌  പൊലീസിന് മൊഴി നല്‍കിയിരുന്നത്. സൗമ്യയോട്‌ പ്രണയമായിരുന്നെന്നും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ്‌ കൊലപാതകത്തിന്‌ പ്രേരിപ്പിച്ചതെന്നും അജാസ്‌ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്‌ക്കുന്ന രീതിയിലായിരുന്നു സൗമ്യയുടെ മരണത്തിന്‌ തൊട്ടുപിന്നാലെ സൗമ്യയുടെ അമ്മ പ്രതികരിച്ചതും.

അജാസ്‌ സൗമ്യയെ നിരന്തരം വിവാഹത്തിന്‌ പ്രേരിപ്പിച്ചിരുന്നു. സൗമ്യ ഈ ആവശ്യം നിരസിച്ചു. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപ അജാസിനോട്‌ സൗമ്യ വായ്‌പയായി വാങ്ങിയിരുന്നു ഇത്‌ തിരികെ നല്‍കാന്‍ പല തവണ ശ്രമിച്ചെങ്കിലും വാങ്ങാന്‍ അജാസ്‌ തയ്യാറായിരുന്നില്ല.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് മകളെ കൊല്ലാന്‍ കാരണമായതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അജാസ്‌ മുമ്പും സൗമ്യയെ ഉപദ്രവിച്ചിട്ടുണ്ട്‌. ഫോണില്‍ തന്നെ ബ്ലോക്ക്‌ ചെയ്‌തെന്ന്‌ പറഞ്ഞായിരുന്നു അന്ന്‌ സൗമ്യയെ ഉപദ്രവിച്ചത്‌. ദേഹത്ത്‌ പെട്രോളൊഴിക്കുകയും ഷൂസ്‌ കൊണ്ട്‌ അടിക്കുകയും ചെയ്‌തു. നീ ഇവിടെ നിന്ന്‌ പോ എന്ന്‌ സൗമ്യ കാല്‌ പിടിച്ച്‌ കരഞ്ഞപ്പോഴാണ്‌ അജാസ്‌ തിരികെപ്പോയതെന്നും സൗമ്യയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.